ലണ്ടന്‍: യൂറോകപ്പ് ഫുട്‌ബോളിന് മുന്നോടിയായുള്ള സൗഹൃദമത്സരങ്ങളില്‍ ഇംഗ്ലണ്ട്, ഫ്രാന്‍സ് ടീമുകള്‍ക്ക് ജയം. അതേസമയം ജര്‍മനി, ഹോളണ്ട് ടീമുകള്‍ സമനിലയില്‍ കുരുങ്ങി.

ഇംഗ്ലണ്ട് ഓസ്ട്രിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. മധ്യനിരതാരം ബുകയോ സാഖ (56) ടീമിനായി വിജയഗോള്‍ നേടി. ടീമില്‍ നിരവധി പരീക്ഷണങ്ങള്‍ കോച്ച് ഗരെത് സൗത്ത്‌ഗേറ്റ് നടത്തി.

ലോകചാമ്പ്യന്മാരായ ഫ്രാന്‍സ് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് വെയ്ല്‍സിനെ കീഴടക്കിയത്. കൈലിയന്‍ എംബാപ്പെ (34), അന്റോയിന്‍ ഗ്രീസ്മാന്‍ (47), ഒസുമാനെ ഡെംബലെ (79) എന്നിവര്‍ ഫ്രഞ്ച് പടയ്ക്കായി ഗോള്‍ നേടി. 

കരുത്തരായ ജര്‍മനിയെ ഡെന്മാര്‍ക്കാണ് സമനിലയില്‍ തളച്ചത്. ഇരുടീമുകളും ഓരോ ഗോളുകള്‍ നേടി പിരിഞ്ഞു. ജര്‍മനിയ്ക്കായി 48-ാം മിനിട്ടില്‍ ഫ്‌ളോറിയാന്‍ ന്യൂയസും ഡെന്മാര്‍ക്കിനായി യൂസഫ് പോള്‍സണും സ്‌കോര്‍ ചെയ്തു.

മറ്റൊരു മത്സരത്തില്‍ കരുത്തരായ ഹോളണ്ടിനും സമനിലക്കുരുക്ക് വീണു. ഹോളണ്ടിനെ സ്‌കോട്ട്‌ലന്‍ഡാണ് സമനിലയില്‍ കുരുക്കിയത്. ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. മെംഫീസ് ഡീപെ ഡച്ച് ടീമിനായി ഇരട്ടഗോള്‍ (17, 89) നേടിയപ്പോള്‍ ജാക്ക് ഹെന്‍ഡ്രി, കെവിന്‍ നിസ്‌ബെത്ത് എന്നിവര്‍ സ്‌കോട്ട്‌ലന്‍ഡിനായി വലകുലുക്കി. 

ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ ബെല്‍ജിയത്തിനും സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഗ്രീസാണ് ടീമിനെ സമനിലയില്‍ തളച്ചത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. ബെല്‍ജിയത്തിനായി തോര്‍ഗാന്‍ ഹസാര്‍ഡും ഗ്രീസിനായി ജോര്‍ജിയസ് സാവെല്ലാസും ഗോള്‍ നേടി. 

മറ്റൊരു മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് എതിരില്ലാത്ത ഏഴുഗോളുകള്‍ക്ക് ദുര്‍ബലരായ ലിക്ടന്‍സ്‌റ്റെയിനിനെ തകര്‍ത്തു.

Content Highlights: International friendly football matches results