Photo: twitter.com/Inter_en
മിലാന്‍: 2023 കോപ്പ ഇറ്റാലിയ കിരീടത്തില്‍ മുത്തമിട്ട് കരുത്തരായ ഇന്റര്‍മിലാന്‍. ഫൈനലില്‍ ഫിയോറെന്റീനയെ തകര്‍ത്താണ് ഇന്റര്‍ കിരീടം നേടിയത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. ഇന്റര്‍ നേടുന്ന തുടര്‍ച്ചയായ രണ്ടാം കോപ്പ ഇറ്റാലിയ കിരീടമാണിത്. കഴിഞ്ഞ വര്‍ഷവും ഇന്റര്‍ തന്നെയാണ് കിരീടമുയര്‍ത്തിയത്.
ഒരു ഗോളിന് പിന്നില്‍ നിന്നശേഷം രണ്ട് ഗോള്‍ തിരിച്ചടിച്ചാണ് ഇന്റര്‍ വിജയം നേടിയത്. സൂപ്പര്‍ താരം ലൗട്ടാറോ മാര്‍ട്ടിനെസ് ഇന്ററിനായി ഇരട്ട ഗോള്‍ നേടി. മത്സരം തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ നിക്കോളാസ് ഗോണ്‍സാലസിലൂടെ ഗോളടിച്ച് ഫിയോറെന്റീന ഇന്ററിനെ ഞെട്ടിച്ചു. എന്നാല്‍ 29-ാം മിനിറ്റിലും 37-ാം മിനിറ്റിലും വലകുലുക്കി സൂപ്പര്‍താരം ലൗട്ടാറോ മാര്‍ട്ടിനെസ് ഇന്ററിന് വിജയം സമ്മാനിച്ചു. ഇന്ററിനായി ലൗട്ടാറോ മാര്‍ട്ടിനെസ് 100 ഗോളുകള്‍ തികയ്ക്കുകയും ചെയ്തു.
ഇന്റര്‍ നേടുന്ന ഒന്‍പതാം കോപ്പ ഇറ്റാലിയ കിരീടമാണിത്. 1939, 1978, 1982, 2005, 2006, 2010, 2011, 2022 വര്‍ഷങ്ങളിലാണ് ടീം ഇതിന് മുന്‍പ് കിരീടം നേടിയത്. ഏറ്റവുമധികം കോപ്പ ഇറ്റാലിയ കിരീടം നേടിയ ടീം യുവന്റസാണ്. 14 തവണയാണ് ടീം കിരീടത്തില്‍ മുത്തമിട്ടത്.
ഈ സീസണില്‍ ഇന്റര്‍ മിലാന്‍ നേടുന്ന രണ്ടാം കിരീടമാണിത്. നേരത്തേ ഇറ്റാലിയന്‍ സൂപ്പര്‍ കപ്പും ടീം സ്വന്തമാക്കിയിരുന്നു. വരാനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും ടീം ഇടം നേടിയിട്ടുണ്ട്. ജൂണ്‍ 11 ന് രാത്രി 12.30 ന് നടക്കുന്ന ഫൈനലില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ജേതാക്കളായ മാഞ്ചെസ്റ്റര്‍ സിറ്റിയാണ് ഇന്ററിന്റെ എതിരാളികള്‍. ഈ വിജയം കൂടി നേടിയാല്‍ ഇന്ററിന് ഈ സീസണിലെ കിരീടനേട്ടം മൂന്നാക്കി ഉയര്‍ത്താം.
Content Highlights: Inter Milan defend Italian Cup crown against Fiorentina
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..