മിലാൻ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ് വിട്ട് ഇറ്റാലിയൻ ക്ലബ്ബ് യുവെന്റസിലേക്ക് പോയതോടെ റോണോയും മെസ്സിയും നേർക്കുനേർ വരുന്ന പോരാട്ടങ്ങൾ ഇല്ലാതായിരുന്നു. ലാ ലിഗയുടെ ഗ്ലാമർ തന്നെ ഇടിയാനും ഇത് കാരണമായി.

എന്നാലിപ്പോഴിതാ റോണോയ്ക്ക് പിന്നാലെ മെസ്സിക്കും ഇറ്റലിയിലേക്ക് ക്ഷണം ലഭിച്ചതായാണ് റിപ്പോർട്ട്. വമ്പൻ ഓഫറുമായി മെസ്സിക്കു വേണ്ടി രംഗത്തെത്തിയിരിക്കുന്നത് ഇറ്റാലിയൻ ക്ലബ്ബ് ഇന്റർ മിലാനാണ്.

235 ദശലക്ഷം യൂറോയ്ക്ക് നാലു വർഷത്തെ കരാറാണ് ഇന്റർ മെസ്സിക്കു മുന്നിൽ വെച്ചിരിക്കുന്നതെന്ന് ഇറ്റാലിയൻ മാധ്യമം ലാ ഗസെറ്റ ഡെല്ലോ സ്പോർട്ട് റിപ്പോർട്ട് ചെയ്തു. ഈ റിപ്പോർട്ട് പ്രകാരം 60 ദശലക്ഷം യൂറോയാണ് ഒരു സീസണിൽ മെസ്സിക്ക് പ്രതിഫലമായി ഇന്റർ ഓഫർ ചെയ്തിരിക്കുന്നത്. യുവെ, തങ്ങളുടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കൊടുക്കുന്ന പ്രതിഫലത്തിന്റെ ഇരട്ടിയിലേറെയാണിത്. 27.3 ദശലക്ഷം യൂറോയാണ് റോണോയുടെ പ്രതിഫലം.

ലാ ലിഗയിൽ കിരീടം കൈവിട്ടതോടെ സുഖകരമായ വാർത്തകളല്ല ബാഴ്സലോണയിൽ നിന്നും വരുന്നത്. ക്ലബ്ബ് അധികൃതരിൽ ചിലരുമായും ചില സഹതാരങ്ങളുമായും മെസ്സി അത്ര നല്ല ബന്ധത്തിലല്ലെന്നാണ്‌ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Content Highlights: Inter Milan are reportedly ready to offer Lionel Messi four year deal worth 235m euro