മിലാന്‍: സിമോണെ ഇന്‍സാഗിയെ പുതിയ പരിശീലകനായി നിയമിച്ച് ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാന്‍. 

10 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ററിന് സീരി എ കിരീടം നേടിക്കൊടുത്തതിനു പിന്നാലെ രാജിവെച്ച അന്റോണിയോ കോണ്ടെയ്ക്ക് പകരക്കാരനായാണ് ഇന്‍സാഗിയുടെ വരവ്. രണ്ടു വര്‍ഷത്തേക്കാണ് കരാര്‍.

ലാസിയോയില്‍ നിന്നാണ് ഇന്‍സാഗി ഇന്ററിന്റെ പരിശീലക സ്ഥാനത്തേക്ക് വരുന്നത്. 2019-ല്‍ ലാസിയോയെ ഇറ്റാലിയന്‍ കപ്പ് വിജയത്തിലേക്ക് നയിച്ച പരിശീലകനാണ് ഇന്‍സാഗി.

ക്ലബ്ബിന്റെ സാമ്പത്തിക ബാധ്യത കുറയ്ക്കാന്‍ വമ്പന്‍ താരങ്ങളെ ഒഴിവാക്കാനുള്ള മാനേജ്‌മെന്റിന്റെ ആവശ്യം അംഗീകരിക്കാതിരുന്നതാണ് കോണ്ടെയും മാനേജ്‌മെന്റും തമ്മില്‍ പിരിയാന്‍ കാരണമായത്.

താരങ്ങളെ വിറ്റ് 80 ദശലക്ഷം യൂറോ സമാഹരിക്കാനായിരുന്നു ക്ലബ്ബിന്റെ തീരുമാനം. ഇങ്ങനെ ചെയ്തില്ലെങ്കില്‍ ക്ലബ്ബ് വലിയ നഷ്ടത്തിലേക്ക് പോകുമെന്നാണ് ഇന്റര്‍ മിലാന്‍ മാനേജ്മെന്റ് പറയുന്നു. ഇക്കാര്യത്തില്‍ ഇന്‍സാഗിയുടെ നിലപാട് എന്തായിരിക്കുമെന്ന് കാത്തിരിക്കുകയാണ് ഇന്റര്‍ ആരാധകര്‍.

Content Highlights: Inter Milan appoints Simone Inzaghi to replace Antonio Conte as new manager