കിരീടവുമായി ഗോകുലം ടീം ഫോട്ടോ: ഫെയ്‌സ്ബുക്ക്| ഗോകുലം എഫ്.സി
ബെംഗളൂരു: ഇന്ത്യന്‍ വനിതാ ലീഗ് ഫുട്ബോളില്‍ ചരിത്രം കുറിച്ച് ഗോകുലം കേരളം എഫ്.സി. ചാമ്പ്യന്‍മാര്‍. ഫൈനലില്‍ മണിപ്പുരി ക്ലബ്ബ് ക്രിപ്സയെ (3-2) തോല്‍പ്പിച്ചാണ് കേരള ടീമിന്റെ കിരീടനേട്ടം. ആദ്യ മിനിറ്റില്‍ പരമേശ്വരി ദേവി, 25-ാം മിനിറ്റില്‍ കമലാ ദേവി, 86-ാം മിനിറ്റില്‍ സബിത്ര ഭണ്ഡാരി എന്നിവരാണ് കേരള ടീമിനായി സ്‌കോര്‍ ചെയ്തത്. ഇതോടെ ദേശീയ ലീഗ് ഫുട്ബോളില്‍ കിരീടം ചൂടുന്ന ആദ്യ കേരള ടീമെന്ന ചരിത്രനേട്ടം ഗോകുലത്തിന്റെ പെണ്‍പുലികള്‍ സ്വന്തമാക്കി.
ക്യാപ്റ്റന്‍ ദങ്മെയ് ഗ്രെയ്സ്, രത്തന്‍ബാല ദേവി എന്നിവരുടെ വകയായിരുന്നു ക്രിപ്സയുടെ ഗോളുകള്‍. ഈസ്റ്റേണ്‍ സ്പോര്‍ട്ടിങ് യൂണിയന്‍, റൈസിങ് സ്റ്റുഡന്റ് ക്ലബ്ബ്, സേതു എഫ്.സി. എന്നിവരായിരുന്നു കഴിഞ്ഞവര്‍ഷങ്ങളില്‍ ചാമ്പ്യന്‍മാര്‍.
അപരാജിതരായാണ് ഗോകുലത്തിന്റെ മുന്നേറ്റം. യോഗ്യതാ റൗണ്ടിലും ഫൈനല്‍ റൗണ്ടിലുമായി ആറ് കളിയിലും ജയിച്ചു. 28 ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് രണ്ടെണ്ണം മാത്രം. ഫൈനലിലെ വിജയഗോള്‍ ഉള്‍പ്പെടെ 18 ഗോളുകള്‍ അടിച്ച് ടൂര്‍ണമെന്റില്‍ ടോപ്പ് സ്‌കോററായ നേപ്പാള്‍ താരം സബിത്രയാണ് ഗോകുലത്തിന്റെ വിജയത്തില്‍ നിര്‍ണായകപ്രകടനം പുറത്തെടുത്തത്.

പരമേശ്വരി ദേവി, സബിത്ര ഭണ്ഡാരി, ഗ്രെയ്സ് ലാല്‍റാംപാരി, യുംനം കമലാ ദേവി, മനിഷ്, കഷ്മിന, ഫന്‍ജോബം ബിന ദേവി, തോക്ചോം ദേവി, മൈക്കല്‍ കാസ്റ്റന്യ, മനിഷ പന്ന, അതിഥി ചൗഹാന്‍ എന്നിവരാണ് ഫൈനലില്‍ ഗോകുലത്തിനായി ആദ്യ ഇലവനിലിറങ്ങിയത്. മലയാളിയായ പ്രിയ പി.വിയാണ് ഗോകുലത്തിന്റെ പരിശീലക.
Content Highlights: Indian womens league gokulam kerala infront
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..