ദുബായ്: ടുണീഷ്യയ്‌ക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ടുണീഷ്യ ഇന്ത്യയെ പരാജയപ്പെടുത്തിയത്. 

ദുബായിലെ എഫ്.എ.സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടന്നത്. രണ്ടാം മിനിട്ടില്‍ തന്നെ ഇന്ത്യയുടെ മനീഷയ്ക്ക് മികച്ച ഗോളവസരം ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല. എന്നാല്‍ ആറുമിനിട്ടുകള്‍ക്ക് ശേഷം ടുണീഷ്യ മത്സരത്തിലെ വിജയഗോള്‍ കണ്ടെത്തി. 

തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ ഹിയൂജിയാണ് ടീമിന് വേണ്ടി ലക്ഷ്യം കണ്ടത്. മത്സരത്തില്‍ ഇന്ത്യ ആധിപത്യം പുലര്‍ത്തിയെങ്കിലും സമനില ഗോള്‍ കണ്ടെത്താനായില്ല. 

യു.എ.ഇയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ വനിതകള്‍ വരും ദിവസങ്ങളില്‍ ബഹ്‌റൈന്‍, ചൈനീസ് തായ്‌പേയ് എന്നീ ടീമുകള്‍ക്കെതിരേ മത്സരിക്കും. 2022-ല്‍ ഇന്ത്യയില്‍ വെച്ച് നടക്കുന്ന എ.എഫ്.സി വനിതാ ഏഷ്യാ കപ്പിന് മുന്നോടിയായാണ് ഇന്ത്യന്‍ ടീം സൗഹൃദമത്സരങ്ങള്‍ കളിക്കുന്നത്. തോമസ് ഡെന്നെര്‍ബിയാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ പരിശീലകന്‍

Content Highlights: Indian womens football team lose to Tunisia in friendly