Photo: twitter.com/IndianFootball
കൃത്യമായ മുന്നൊരുക്കം, മികച്ച താരങ്ങളുടെ സാന്നിധ്യം, കളി നടക്കുന്നത് സ്വന്തം മണ്ണില്‍... മികച്ച പ്രകടനത്തോടെ ലോകകപ്പില്‍ കളിക്കാമെന്ന സ്വപ്നവും. എന്നാല്‍, കോവിഡ് മഹാമാരി ഇന്ത്യന്‍ വനിതാ ടീമിന്റെ പ്രതീക്ഷകളെ തകര്‍ത്തുകളഞ്ഞു. ആദ്യമത്സരത്തിനുശേഷം ടീം എ.എഫ്.സി. വനിതാ ഏഷ്യാകപ്പ് ഫുട്ബോളില്‍ നിന്ന് പുറത്താകുമ്പോള്‍ ഇന്ത്യന്‍ ഫുട്ബോളിന് വലിയ നഷ്ടമാണ്.
മുന്നൊരുക്കങ്ങളില്‍ മികച്ചുനിന്നെങ്കിലും കോവിഡ് തരംഗത്തിന്റെ കാലത്ത് ടൂര്‍ണമെന്റ് നടത്താനുള്ള അധികൃതരുടെ നീക്കവും തിരിച്ചടിക്ക് കാരണമായി. ആദ്യമത്സരത്തിനുമുമ്പേതന്നെ രണ്ട് കളിക്കാര്‍ക്ക് കോവിഡ് പിടിപ്പെട്ടതോടെ ആശങ്ക ഉയര്‍ന്നിരുന്നു. രണ്ടാം മത്സരമായപ്പോഴേക്കും അത് 13 കളിക്കാരിലേക്കായി. ഇതോടെ കളിക്കാന്‍ ടീമില്ലാതായി. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ ചട്ടപ്രകാരം ടൂര്‍ണമെന്റില്‍നിന്ന് പുറത്താകുകയും ചെയ്തു.
താരതമ്യേന എളുപ്പം ഗ്രൂപ്പിലായിരുന്നു ഇന്ത്യ. എ ഗ്രൂപ്പില്‍ ചൈന മാത്രമായിരുന്നു കരുത്തര്‍. ഇറാനും ചൈനീസ് തായ്പേയിയും ഇന്ത്യക്കുതാഴെ നില്ക്കുന്ന ടീമുകളാണ്. സന്നാഹമത്സരത്തില്‍ തായ്പേയിയെ തോല്‍പ്പിച്ചതുമാണ്. ഇറാനെതിരേ സമനില വഴങ്ങിയെങ്കിലും രണ്ടാം മത്സരം ജയിച്ചാല്‍ ക്വാര്‍ട്ടര്‍ ഏറക്കുറെ ഉറപ്പായിരുന്നു. ക്വാര്‍ട്ടറിലെത്തിയാല്‍ ലോകകപ്പില്‍ കളിക്കാനുള്ള സാധ്യത ഏറെയായിരുന്നു.
എ.എഫ്.സി. കപ്പില്‍നിന്ന് നാല് ടീമുകള്‍ക്ക് നേരിട്ട് ലോകകപ്പിന് യോഗ്യത ലഭിക്കും. സെമിയിലെത്തുന്ന ടീമുകള്‍ക്കാണ് യോഗ്യത. രണ്ട് ടീമുകള്‍ക്ക് പ്ലേഓഫ് വഴി യോഗ്യത നേടാനും കഴിയുമായിരുന്നു. ആതിഥേയരെന്ന നിലയില്‍ ഓസ്ട്രേലിയ നേരത്തേ യോഗ്യത ഉറപ്പിച്ചതിനാല്‍ ക്വാര്‍ട്ടറിലെത്തുന്ന ഏഴ് ടീമുകള്‍ക്കും അവസരമൊരുങ്ങുമായിരുന്നു.
വമ്പന്‍ ടീമുകള്‍ക്കും ക്ലബ്ബുകള്ക്കുമെതിരേ സൗഹൃദമത്സരങ്ങള്‍ കളിച്ചാണ് ടീം ഒരുങ്ങിയത്. ബ്രസീലിനെതിരേപോലും കളിച്ചു. മികച്ച താരങ്ങളുടെ സാന്നിധ്യവും ടീമിനുണ്ടായിരുന്നു.
Content Highlights: Indian women's football team knocked out from AFC asia cup football tournament
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..