കോഴിക്കോട്: ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ലീഗില്‍ ഇത്തവണ കേരളത്തില്‍നിന്ന് രണ്ട് ടീമുകള്‍. നിലവിലെ ചാമ്പ്യന്‍മാരായ ഗോകുലം എഫ്.സി.യും തിരുവനന്തപുരം ആസ്ഥാനമായ ട്രാവന്‍കൂര്‍ റോയല്‍ എഫ്.സിയുമാണ് കളിക്കാനൊരുങ്ങുന്നത്. ലീഗിന്റെ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഏപ്രില്‍ ഏഴിന് ന്യൂഡല്‍ഹിയില്‍ തുടങ്ങും. കേരള ടീമുകള്‍ പ്ലേ ഓഫിലാണ് കളിക്കുന്നത്.

കപ്പ് നിലനിര്‍ത്താന്‍

കഴിഞ്ഞവര്‍ഷം നേടിയ കിരീടം നിലനിര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് ഗോകുലം ടീം. പി.വി. പ്രിയയാണ് ഇത്തവണയും ടീമിനെ പരിശീലിപ്പിക്കുന്നത്. മലയാളി താരങ്ങളുമായുള്ള ക്യാമ്പ് നേരത്തേ തുടങ്ങി. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള ഇന്ത്യന്‍ താരങ്ങളുമായുള്ള കരാര്‍ അവസാനഘട്ടത്തിലാണ്.

കഴിഞ്ഞ സീസണില്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച നേപ്പാള്‍ താരം സബിത്ര ഭണ്ഡാരി പരിക്കിലായതിനാല്‍ ഇത്തവണ കളിക്കില്ല. ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ലോയ്തോംങ്ബാം ആശാലത ദേവി, മുന്നേറ്റനിരതാരം ദാങ്മെയ് ഗ്രെയ്സ്, മനീഷ കല്യണ്‍, റീത്തറാണി എന്നിവരെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നു. ഏപ്രില്‍ 10-ന് ചണ്ഡീഗഢിനെതിരേയാണ് ഗോകുലത്തിന്റെ ആദ്യ മത്സരം.

വരവറിയിക്കാന്‍

ലീഗില്‍ അരങ്ങേറ്റത്തിനൊരുങ്ങിയിരിക്കുകയാണ് ട്രാവന്‍കൂര്‍ റോയല്‍സ്. കായികപ്രേമികളുടെ കൂട്ടായ്മയില്‍ രൂപപ്പെട്ട ക്ലബ്ബ് ആദ്യമായാണ് ദേശീയ തലത്തില്‍ കളിക്കാനിറങ്ങുന്നത്. പുരുഷ ടീം കഴിഞ്ഞ സീസണില്‍ കേരള പ്രീമിയര്‍ ലീഗില്‍ കളിച്ചിരുന്നു.

ഗോവന്‍ പരിശീലകന്‍ മാഴ്സലീന്യോയാണ് ടീമിനെ ഒരുക്കുന്നത്. എട്ട് മലയാളി താരങ്ങള്‍ ടീമിലുണ്ട്. തമിഴ്നാട്ടില്‍നിന്ന് എട്ടുപേരും കര്‍ണാടകയില്‍നിന്ന് നാലുപേരും ഗോവയില്‍ നിന്ന് രണ്ടുപേരും ടീമിലുണ്ട്. ഏപ്രില്‍ ഏഴിന് പ്ലേ ഓഫിന്റെ ഉദ്ഘാടനമത്സരത്തില്‍ ട്രാവന്‍കൂര്‍ ഹരിയാണയില്‍ നിന്നുള്ള ക്ലബ്ബുമായി മത്സരിക്കും.

തിരുവനന്തപുരത്ത് ഒരാഴ്ചത്തെ ക്യാമ്പ് കഴിഞ്ഞ് ടീം ശനിയാഴ്ച പുറപ്പെട്ടു.

മത്സരം രണ്ട് തലങ്ങളില്‍

രണ്ട് തലങ്ങളിലായിട്ടാണ് വനിതാ ലീഗിന്റെ അഞ്ചാം സീസണ്‍ നടക്കുന്നത്. പ്ലേ ഓഫില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗോകുലത്തിന് പുറമെ റണ്ണറപ്പായ മണിപ്പൂര്‍ ക്ലബ്ബ് ക്രിപ്സ, തമിഴ്നാട്ടില്‍ നിന്നുള്ള സേതു എഫ്.സി. തുടങ്ങിയ ടീമുകളുണ്ട്. 11 ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് പ്ലേ ഓഫ്. ഇതിലെ ഗ്രൂപ്പ് ജേതാക്കള്‍ നോക്കൗട്ട് റൗണ്ടിലെത്തും. നോക്കൗട്ട് വിജയികള്‍ ഫൈനല്‍ റൗണ്ടിലെത്തും.

കൂടുതല്‍ ടീമുകളുള്ള സംസ്ഥാനങ്ങളിലെ ലീഗ് ചാമ്പ്യന്‍മാര്‍ക്ക് ഫൈനല്‍ റൗണ്ടിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും. ഒഡീഷയില്‍ ഏപ്രില്‍ 21 മുതലാണ് ഫൈനല്‍ റൗണ്ട്. കൂടുതല്‍ ടീമുകളുള്ള സംസ്ഥാനങ്ങളിലെ ചാമ്പ്യന്മാര്‍ നേരിട്ട് ഫൈനല്‍ റൗണ്ടില്‍ കളിക്കും.

Content Highlights: Indian Women s Football League Gokulam Kerala and Travancore Royal are ready