കൊച്ചി: അഞ്ചു വയസ്സുകാരി അനുശ്രീക്കു നേരെ ശ്രീജേഷ് ഫുട്ബോള്‍ തട്ടിക്കൊടുക്കുമ്പോള്‍ അരികില്‍ ശ്രീ ആന്‍ഷിനെയുമെടുത്തു നില്‍ക്കുകയായിരുന്നു അനീഷ്യ. ഹോക്കി സ്റ്റിക്കിന്റെയും ചെറിയ പന്തിന്റെയും ലോകത്തുനിന്ന് മറ്റൊരു കളത്തിലേക്ക് സഞ്ചരിക്കുമ്പോള്‍ ശ്രീജേഷ് കൂടെക്കൂട്ടുന്നത് ഫുട്ബോളാണ്. പിന്നാലെ ബാസ്‌കറ്റ് ബോളും ബാഡ്മിന്റണും റോളര്‍ സ്‌കേറ്റിങ്ങുമൊക്കെ വരുന്നുണ്ട്.

ശ്രീജേഷ് പുതിയ കളത്തിലേക്കു കൂടുമാറുമ്പോള്‍ പുതിയ വേഷത്തില്‍ ഭാര്യ അനീഷ്യയും ഒപ്പമുണ്ട്. ഇരുവരുടേയും പുതിയ സ്വപ്നത്തിന്റെ പേര് 'കാമ്പിയോനസ്'. സ്പാനിഷില്‍ ചാമ്പ്യന്‍ എന്നര്‍ഥമുള്ള കാമ്പിയോനസ് എന്ന പേരില്‍ സ്‌പോര്‍ട്സ് സിറ്റി തുടങ്ങുകയാണ് ഇന്ത്യന്‍ ഹോക്കി താരം പി.ആര്‍. ശ്രീജേഷ്. ശനിയാഴ്ച ആദ്യഘട്ട ഉദ്ഘാടനം നടക്കുമെന്ന് ശ്രീജേഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

എറണാകുളം കാക്കനാട്ടെ ഇന്‍ഫോപാര്‍ക്കിനടുത്താണ് കാമ്പിയോനസ് എന്ന പേരില്‍ ശ്രീജേഷും സംഘവും പുതിയ സ്‌പോര്‍ട്സ് സിറ്റി തുടങ്ങുന്നത്. ഫൈവ്സ് കളിക്കാന്‍ സൗകര്യമുള്ള രണ്ടും സെവന്‍സിനുള്ള ഒന്നും ടര്‍ഫ് ഗ്രൗണ്ടുകളോടെയാണ് സ്‌പോര്‍ട്സ് സിറ്റി പ്രവര്‍ത്തനം തുടങ്ങുന്നത്. ജിംനേഷ്യവും യോഗാ സെന്ററും അടക്കമുള്ള സൗകര്യങ്ങളുണ്ട്. തുടക്കത്തില്‍ 200 കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുക.

ശ്രീജേഷും സുഹൃത്തുക്കളായ നിസാര്‍ ഇബ്രാഹിം, മുരളീധരന്‍, സുരേഷ് ഗോപിനാഥ് എന്നിവര്‍ ചേര്‍ന്നാണ് സ്‌പോര്‍ട്‌സ് സിറ്റി തുടങ്ങുന്നത്. ശ്രീജേഷിന്റെ ഭാര്യ അനീഷ്യ അടക്കം നാലു വനിതകളാണ് ഡയറക്ടര്‍മാര്‍. സ്‌പോര്‍ട്സ് എന്നും ജീവിതത്തിന്റെ ഭാഗമായിരുന്നെന്നും ഇപ്പോള്‍ പുതിയ ചുമതലകള്‍ വന്നുചേരുമ്പോള്‍ അതിനോട് പരമാവധി നീതിപുലര്‍ത്താനാണ് ശ്രമിക്കുന്നതെന്നും മുന്‍ ലോങ്ജമ്പ് താരം കൂടിയായ അനീഷ്യ പറഞ്ഞു.

തന്റെ ഗെയിം ഹോക്കിയാണെങ്കിലും കേരളത്തിലെ സാധ്യതകള്‍ വെച്ചാണ് ഫുട്ബോളിലേക്ക് ആദ്യം കൂടുമാറുന്നതെന്ന് ശ്രീജേഷ് പറഞ്ഞു. ഭാവിയില്‍ ഫൈവ്സ് ഹോക്കി ടര്‍ഫ് ഇവിടെ കൊണ്ടുവരാന്‍ ആഗ്രഹമുണ്ടെന്ന സ്വപ്നവും ശ്രീജേഷ് പങ്കുവെച്ചു.

Content Highlights: Indian hockey star PR Sreejesh new role