സാഗ്രെബ്: ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സന്ദേശ് ജിംഗാന്‍ ക്രൊയേഷ്യ വിട്ട് നാട്ടിലേക്ക് മടങ്ങും. ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ലീഗില്‍ അവസരങ്ങള്‍ കുറഞ്ഞതിനേത്തുടര്‍ന്നാണ് ജിംഗാന്‍ ക്ലബ്ബ് വിടുന്നത്. 

ക്രൊയേഷ്യയിലെ ടോപ് ഡിവിഷന്‍ ക്ലബ്ബായ എച്ച്.എന്‍.കെ സിബെനിക്കിനുവേണ്ടിയാണ് ജിംഗാന്‍ കളിക്കുന്നത്. പക്ഷേ പരിക്കുമൂലം താരത്തിന് അവസരങ്ങള്‍ നഷ്ടപ്പെട്ടു. പരിക്ക് മാറി ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും മത്സരങ്ങളില്‍ ആദ്യ ഇലവനില്‍ സ്ഥാനം നേടാനായില്ല. 

2021 ഓഗസ്റ്റ് 18 നാണ് ജിംഗാന്‍ ക്രൊയേഷ്യന്‍ ക്ലബ്ബുമായി കരാറില്‍ ഒപ്പുവെച്ചത്. 2022 ഓഗസ്റ്റ് വരെ കരാറുണ്ടെങ്കിലും ജിംഗാന്‍ നാട്ടിലേക്ക് മടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. എ.ടി.കെ മോഹന്‍ ബഗാനിലേക്കായിരിക്കും ജിംഗാന്‍ മടങ്ങുക. എ.ടി.കെയുമായി നാല് വര്‍ഷത്തെ കരാര്‍ ബാക്കിയുള്ളപ്പോഴാണ് ജിംഗാന്‍ ക്രൊയേഷ്യയിലേക്ക് പറന്നത്. 

ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം ലഭിക്കുന്ന പ്രതിരോധതാരമായ ജിംഗാന്‍ ക്രൊയേഷ്യന്‍ ടോപ് ഡിവിഷന്‍ ലീഗില്‍ കളിച്ച ആദ്യ ഇന്ത്യന്‍ താരം കൂടിയാണ്. 

Content Highlights: Indian Footballer Sandesh Jhingan back home from Croatia