കൊണ്ടോട്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് കണ്ടെത്താന്‍ ഫുട്ബോള്‍താരം അനസ് എടത്തൊടികയുടെ ജേഴ്സി ലേലത്തില്‍വെച്ചപ്പോള്‍ ലഭിച്ചത് 1,55,555 രൂപ. ഡി.വൈ.എഫ്.ഐ. ഏരിയാകമ്മിറ്റിയാണ് ജേഴ്സി ലേലംചെയ്തത്.

അനസ് ആദ്യമായി ഇന്ത്യക്കുവേണ്ടി കളിച്ചപ്പോള്‍ ധരിച്ച 22-ാം നമ്പര്‍ ജേഴ്സിയാണ് ഡി.വൈ.എഫ്.ഐയ്ക്ക് കൈമാറിയത്. ഓണ്‍ലൈനായാണ് ലേലം നടന്നത്.

കൊണ്ടോട്ടിയിലെ യുവസംരംഭകരും സഹോദരങ്ങളുമായ സൂഫിയാന്‍ കാരിയും അഷ്ഫര്‍ സാനുവുമാണ് ഉയര്‍ന്ന തുക നല്‍കി ജേഴ്സി സ്വന്തമാക്കിയത്. ജേഴ്സി ശനിയാഴ്ച അനസ് എടത്തൊടിക ഇവര്‍ക്ക് കൈമാറും.

എ.എഫ്.സി. ഏഷ്യന്‍ ടൂര്‍ണമെന്റിലെ ആദ്യമത്സരത്തില്‍ അണിഞ്ഞ ജേഴ്‌സിയാണിത്. അനസ് ആദ്യമായി ധരിച്ച ഇന്ത്യന്‍ ജേഴ്‌സി കൂടിയാണിത്. 2017 മാര്‍ച്ച് 22-നാണ് അനസ് ആദ്യമായി ഇന്ത്യയ്ക്കായി കളിക്കാനിറങ്ങിയത്.

Content Highlights: Indian defender Anas Edathodika's jersey auctioned for Covid-19 relief