മുംബൈ: ഐ.എസ്.എല്ലും ഐ-ലീഗും ലയിപ്പിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ക്ലബ്ബുകള്‍ വിലക്ക് നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഫിഫ. സമീപഭാവിയില്‍ തന്നെ ലീഗ് ലയനം നടപ്പിലാവണമെന്നാണ് ഫിഫയുടെ താക്കീത്. ഫിഫയും ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനും ചേര്‍ന്ന് നിയമിച്ച രണ്ടംഗ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. 

2019-2020 സീസണാകുമ്പോഴേക്ക് ഒരൊറ്റ ലീഗെന്ന സമ്പ്രദായത്തില്‍ എത്തണമെന്നാണ് ഫിഫയുടെ നിര്‍ദേശം. ലീഗുകളില്‍ സ്ഥാനക്കയറ്റവും തരംതാഴ്ത്തലും നിര്‍ബന്ധമാണ്. എന്നാല്‍ നിലവില്‍ ഐ.എസ്.എല്ലില്‍ പത്ത് വര്‍ഷം വരെ അവസാന സ്ഥാനത്തായാലും തരംതാഴ്ത്തപ്പെടില്ല എന്ന ആനുകൂല്യമുണ്ട്. ഇതിനെ എതിര്‍ക്കുന്നതാണ് ഫിഫയുടെ എ.എഫ്.സിയുടെയും ഒരുമിച്ചുള്ള തീരുമാനം. 

2020 ആകുമ്പോഴേക്ക് രണ്ട് ഐ-ലീഗ് ക്ലബ്ബുകളെങ്കിലും ഐ.എസ്.എല്ലില്‍ കളിച്ചിരിക്കണം. അതായത് ഐ.എസ്.എല്ലിലെ പത്ത് ടീമുകള്‍ക്കൊപ്പം ഐ-ലീഗ് ചാമ്പ്യന്‍മാര്‍ക്കും മറ്റൊരു ഐ-ലീഗ് ടീമിനും ഐ.എസ്.എല്ലിലേക്ക് സ്ഥാനക്കയറ്റം നല്‍കണം. അതേസമയം ഐ.എസ്.എല്ലില്‍ ഏറ്റവും താഴെയുള്ള ടീമിനെ തരംതാഴ്ത്തുകയും വേണം. നിലവിലുള്ള ഫ്രാഞ്ചൈസി തുക വാങ്ങിയുള്ള ലീഗ് പ്രവേശനത്തോടും ഫിഫ എതിര്‍പ്പ് വ്യക്തമാക്കിയിട്ടുണ്ട്. ലീഗ് ലയനത്തില്‍ താത്പര്യമില്ലാത്ത എ.ഐ.എഫ്.എഫിന് തിരിച്ചടി നല്‍കുന്നതാണ് ഫിഫയുടെ നിര്‍ദേശം.

Content Highlights: Indian clubs face ban if single football league not started from 2019-20 Says FIFA