ധാക്ക: സാഫ് കപ്പ് സെമിഫൈനലില്‍ പാകിസ്താനെ തകര്‍ത്ത് നിലവിലെ ജേതാക്കളായ ഇന്ത്യ ഫൈനലില്‍. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഇരു ടീമുകളും സ്‌കോര്‍ ചെയ്തത്. മന്‍വീര്‍ സിങ് ഇന്ത്യയ്ക്കായി ഇരട്ട ഗോളുകള്‍ നേടി. 48, 69 മിനിറ്റുകളിലായിരുന്നു മന്‍വീറിന്റെ ഗോളുകള്‍. ഇന്ത്യയുടെ മൂന്നാം ഗോള്‍ പകരക്കാരനായി ഇറങ്ങിയ സുമീത് പാസിയുടെ ബൂട്ടില്‍ നിന്നായിരുന്നു. മലയാളി താരം ആഷിഖ് കുരുണിയന്‍ രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കി. ഗ്രൂപ്പ് റൗണ്ടിലെ രണ്ടു മത്സരങ്ങളിലും സെമിയിലും ആദ്യ ഇലവനില്‍ സ്ഥാനം നേടാന്‍ ആഷിഖിനായി. 

88-ാം മിനിറ്റില്‍ ഹസന്‍ ബഷീറാണ് പാകിസ്താന്റെ ആശ്വാസ ഗോള്‍ നേടിയത്. 86-ാം മിനിറ്റില്‍ ഇന്ത്യയുടെ ലാല്ലിയാന്‍സുവാല ചാങ്‌തെയും പാതിസ്താന്റെ മുഹ്‌സിന്‍ അലിയും ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായി. ഇത് നാലാം തവണയാണ് പാകിസ്താന്‍ സാഫ് കപ്പ് സെമിയില്‍ തോല്‍വി അറിയുന്നത്. 

എട്ടാമത് സാഫ് കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇനി ഫൈനലിന് ഇറങ്ങുക. നേപ്പാളിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്ത മാലദ്വീപാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. പതിനഞ്ചിനാണ് ഫൈനല്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ മാലദ്വീപിനെ തകര്‍ത്തിരുന്നു.

Content Highlights: india vs pakistan saff cup football semi final