മാലി: സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് ആദ്യ ജയം. നേപ്പാളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ കീഴടക്കിയത്. നായകന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയ്ക്ക് വേണ്ടി വിജയ ഗോള്‍ നേടിയത്. ഈ വിജയത്തോടെ ഇന്ത്യ ഫൈനല്‍ പ്രതീക്ഷ സജീവമാക്കി. 

തുടര്‍ച്ചയായ രണ്ട് സമനിലകള്‍ക്ക് ശേഷം വിജയം മാത്രം ലക്ഷ്യം വെച്ച് നേപ്പാളിനെതിരേ ഇറങ്ങിയ ഇന്ത്യ മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തി. ആദ്യ പകുതിയില്‍ ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചു. രണ്ടാം പകുതിയില്‍ 82-ാം മിനിട്ടിലാണ് ഛേത്രി ഇന്ത്യയ്ക്ക് വേണ്ടി വലകുലുക്കിയത്. 

ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസില്‍ നിന്ന് പാസ് സ്വീകരിച്ച ഫാറൂഖ് ചൗധരി പന്ത് ഛേത്രിയ്ക്ക് കൈമാറി. കിട്ടിയ സുവര്‍ണാവസരം പാഴാക്കാതെ ഛേത്രി അനായാസം വലകുലുക്കി. ഈ ഗോളോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് ഒപ്പമെത്തി. 77 അന്താരാഷ്ട്ര ഗോളുകളാണ് ഛേത്രി നേടിയിരിക്കുന്നത്. 

അടുത്ത മത്സരത്തില്‍ ഒരു ഗോള്‍ കൂടി നേടാനായാല്‍ ഛേത്രി പെലെയുടെ റെക്കോഡ് മറികടക്കും. 123 മത്സരങ്ങളില്‍ നിന്നാണ് ഛേത്രി 77 ഗോളുകള്‍ നേടിയത്. 

സാഫ് കപ്പിലെ അടുത്ത മത്സരത്തില്‍ ആതിഥേയരായ മാലിദ്വീപാണ് ഇന്ത്യയുടെ എതിരാളി. 

Content Highlights: India vs Nepal Chhetri goal gives first win