മഡ്ഗാവ്: തുടര്‍ച്ചയായ 13-ാം മത്സരത്തിലും തോല്‍വിയറിയാതെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം. എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ മ്യാന്‍മറിനെതിരെ ഇന്ത്യ സമനില നേടി. ഫത്തോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും രണ്ടു ഗോള്‍ വീതം നേടി.

മത്സരം തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ യാന്‍ നിയാന്‍ഗിലൂടെ മ്യാന്‍മര്‍ ഇന്ത്യയെ ഞെട്ടിച്ചു. എന്നാല്‍ 13-ാം മിനിറ്റില്‍ സുനില്‍ ഛേത്രി ഇന്ത്യയുടെ രക്ഷകനായി. പക്ഷേ അതിന് ആറു മിനിറ്റിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ക്യാവ് കൊ കൊയിലൂടെ മ്യാന്‍മര്‍ വീണ്ടും ലീഡ് നേടി. പിന്നീട് 69-ാം മിനിറ്റ് വരെ സമനില ഗോളിനായി ഇന്ത്യക്ക് കാത്തിരിക്കേണ്ടി വന്നു. ജെജെ ലാല്‍പെഖുലയായിരുന്നു ഗോള്‍സ്‌കോറര്‍. 

ഏഷ്യന്‍ കപ്പിനെ ഇന്ത്യ നേരത്തെ തന്നെ യോഗ്യത ഉറപ്പാക്കിയിരുന്നു. എ ഗ്രൂപ്പില്‍നിന്ന് നാലുകളികളില്‍ 12 പോയന്റ് നേടിയാണ് ഇന്ത്യ 2019-ല്‍ നടക്കുന്ന എ.എഫ്.സി. കപ്പിന്റെ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്. ആദ്യ പാദത്തില്‍ മ്യാന്‍മറിനെ ഇന്ത്യ ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു.