ബെയ്ജീങ്: 21 വര്‍ഷത്തിനുശേഷം ഫുട്ബോള്‍ കളത്തില്‍ ഇന്ത്യയും ചൈനയും മുഖാമുഖം. അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ശനിയാഴ്ച ഇന്ത്യ ചൈനയെ നേരിടും. വൈകീട്ട് 5.05 മുതല്‍ സുഷു സിറ്റിയിലെ ഒളിമ്പിക് സ്റ്റേഡിയത്തിലാണ് മത്സരം.

കൊച്ചിയില്‍ 1997-ല്‍ നടന്ന നെഹ്രു കപ്പിലായിരുന്നു അയല്‍ക്കാരായ ഇന്ത്യയും ചൈനയും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ടൂര്‍ണമെന്റിലെ മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കാനുള്ള മത്സരത്തില്‍ ചൈനയോട് (2-1) ആതിഥേയര്‍ തോറ്റു. ഈ പരാജയത്തിന് മധുരപ്രതികാരം വീട്ടാനുള്ള അവസരംകൂടിയാണ് ഈ സൗഹൃദം. അടുത്തവര്‍ഷം യു.എ.ഇ.യില്‍ നടക്കുന്ന എ.എഫ്.സി. ഏഷ്യന്‍ കപ്പിന് ഒരുങ്ങാനാണ് ഇന്ത്യ സൗഹൃദമത്സരം കളിക്കുന്നത്. ഫിഫ റാങ്കിങ്ങില്‍ മുന്നിലുള്ള ചൈനയോടുള്ള മത്സരം ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് കരുത്തുപകരുമെന്ന് പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റെയ്ന്‍ കണക്കുകൂട്ടുന്നു. റാങ്കിങ്ങില്‍ ചൈന 76-ാമതും ഇന്ത്യ 97-ാം സ്ഥാനത്തുമാണ്.

യുവതാരങ്ങളും പരിചയസമ്പന്നരുമടങ്ങിയ സംഘവുമായാണ് ഇന്ത്യ ചൈനയിലേക്ക് വണ്ടികയറിയത്. അനസ് എടത്തൊടിക, ആഷിഖ് കുരുണിയന്‍ എന്നിവരാണ് സംഘത്തിലെ മലയാളികള്‍.

Sandesh Jhingan
കോച്ചും ക്യാപ്റ്റനും   ഫോട്ടോ: ട്വിറ്റര്‍

4-2-3-1 ശൈലിയിലാവും ഇന്ത്യ കളത്തിലിറങ്ങുക. ബ്ലാസ്റ്റേഴ്സ് താരം ഹോളി ചരണ്‍ നര്‍സാരി, ജെജെ ലാല്‍പെഖുല, സുനില്‍ ഛേത്രി, ഉദാന്ത സിങ് എന്നിവര്‍ മുന്നേറ്റനിരയില്‍ ഇടംപിടിക്കും. പ്രണോയ് ഹാള്‍ഡെര്‍, റൗളിങ് ബോര്‍ജസ് എന്നിവരാണ് മധ്യനിരയിലുണ്ടാവുക. സുഭാശിഷ് ബോസ്, അനസ്, സന്ദേശ് ജിംഗാന്‍, പ്രിതം കോട്ടാല്‍ എന്നിവര്‍ക്കായിരിക്കും പ്രതിരോധത്തിന്റെ ചുമതല. ബെംഗളൂരു എഫ്.സി.യുടെ ഗുര്‍പ്രീത് സിങ് സന്ധു ഗോള്‍പോസ്റ്റിന് കാവല്‍നില്‍ക്കും.

2006-ല്‍ ഇറ്റലിയെ ലോകകിരീടത്തിലേക്ക് നയിച്ച മാഴ്സലോ ലിപ്പിയാണ് ചൈനയുടെ പരിശീലകന്‍. യു ഡബാവോ, ഗാവോ ലിന്‍, വു ലെയ് എന്നിവരുടെ ബൂട്ടിലാണ് ചൈനയുടെ പ്രതീക്ഷ.

Content Highlights: India vs China international football match