ന്യൂഡല്‍ഹി: ചൈനയ്‌ക്കെതിരായ സൗഹൃദ ഫുട്ബോള്‍ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ രണ്ട് മലയാളി താരങ്ങള്‍. മലപ്പുറം സ്വദേശികളായ അനസ് എടത്തൊടികയും ആഷിഖ് കുരുണിയനുമാണ് 22 അംഗ ടീമില്‍ ഇടം പിടിച്ചത്. ചൊവ്വാഴ്ച്ചയാണ് പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്‌റ്റെന്റെയ്ന്‍ ടീമിനെ പ്രഖ്യാപിച്ചത്. വിസ പ്രശ്‌നംമൂലം ബല്‍വന്ത് സിങ് ടീമിലില്ല. ഒക്ടോബര്‍ 13-ന് ചൈനയിലാണ് മത്സരം.

അതേസമയം അനസുമായുള്ള പ്രതിരോധത്തിലെ കൂട്ടുകെട്ട് ചൈനയുമായുള്ള മത്സരത്തില്‍ നിര്‍ണായകമാകുമെന്ന് സന്ദേശ് ജിങ്കന്‍ വ്യക്തമാക്കി. അനസും ഞാനും തമ്മില്‍ മികച്ച ധാരണയിലാണ് കളിക്കുക. കൂടുതല്‍ മത്സരം കളിക്കുന്നതിന് അനുസരിച്ച് ഈ ധാരണ ശക്തമായി വരും. ജിങ്കന്‍ വ്യക്തമാക്കുന്നു.

ചൈനക്കെതിരെ നൂറ് ശതമാനം പ്രകടനം ഇന്ത്യ കളിക്കളത്തില്‍ പുറത്തെടുക്കണം. ചൈന ഇന്ത്യയെക്കാള്‍ മികച്ച ടീമാണെന്നും അവര്‍ക്ക് ഒരു രാജ്യാന്തര ടീമെന്ന നിലയില്‍ മികച്ച ചരിത്രമാണുള്ളതെന്നും ജിങ്കന്‍ പറഞ്ഞു. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം അടുത്ത കാലത്ത് കളിച്ച ഏറ്റവും ശക്തരായ എതിരാളികള്‍ ആയിരിക്കും ചൈന. ഏഷ്യാകപ്പിന് മുന്നോടിയായാണ് ഇന്ത്യ, ചൈനക്കെതിരെ സൗഹൃദ മത്സരം കളിക്കുന്നത്. 

ടീം: ഗുര്‍പ്രീത് സിങ് സാന്ധു, അമരീന്ദര്‍ സിങ്, കരണ്‍ജിത് സിങ് (ഗോള്‍ കീപ്പര്‍), പ്രീതം കോട്ടാല്‍, സാര്‍ഥിക് ഗോലൂയ്, സന്ദേശ് ജിംഗാന്‍, അനസ്, സാലേം രഞ്ജന്‍ സിങ്, സുഭാഷിഷ് ബോസ്, നാരായണ്‍ ദാസ് (പ്രതിരോധം), ഉദാന്ത സിങ്, നിഖില്‍ പൂജാരി, പ്രണോയ് ഹാല്‍ദാര്‍, റൗളിന്‍ ബോര്‍ഗസ്, അനിരുഥ് ഥാപ്പ, വിനീത് റായ്, ഹോളിച്ചരണ്‍ നര്‍സാറി, ആഷിഖ് (മധ്യനിര), സുനില്‍ ഛേത്രി, ജെജെ ലാല്‍ പെഖുല, സുമിത് പാസി, ഫാറുഖ് ചൗധരി (മുന്നേറ്റം).

Content Highlights: India vs China Coach Stephen Constantine announces Team Anas Edathodika Ashique Kuruniyan