ദോഹ: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാറൗണ്ട് ഫുട്ബോളില്‍ അഫ്ഗാനിസ്താനെതിരേ ഇന്ത്യയ്ക്ക് സമനില. 75-ാം മിനിറ്റില്‍ മുന്നിലെത്തിയ ഇന്ത്യ അടുത്ത ഏഴു മിനിറ്റിനുള്ളില്‍ ഗോള്‍ വഴങ്ങുകയായിരുന്നു.

സമനിലയില്‍ നിന്ന് നേടിയ ഒരു പോയന്റോട് ഇന്ത്യ എ.എഫ്.സി ഏഷ്യാ കപ്പ് യോഗ്യത നേടി. ഗ്രൂപ്പ് ഇയില്‍ എട്ടു മത്സരങ്ങളില്‍ നിന്ന് ഒരു ജയവും നാല് സമനിലയുമായി ഏഴു പോയന്റോടെ ഇന്ത്യ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 75-ാം മിനിറ്റില്‍ അഫ്ഗാന്‍ ഗോള്‍കീപ്പര്‍ ഒവെയ്‌സ് അസീസിയുടെ അബദ്ധമാണ് ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചത്. ആഷിഖ് കുരുണിയന്‍ ബോക്‌സിലേക്ക് നല്‍കിയ ക്രോസ് പിടിക്കാന്‍ ശ്രമിച്ച അസീസിയുടെ കൈയില്‍ നിന്ന് പന്ത് വഴുതി വലയിലെത്തുകയായിരുന്നു. ആദ്യ പകുതിയില്‍ മികച്ച ഒട്ടേറെ സേവുകള്‍ നടത്തിയ ശേഷമായിരുന്നു താരത്തിന്റെ ഈ അബദ്ധം. 

എന്നാല്‍ ഈ ലീഡ് നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല. പകരക്കാരനായെത്തിയ ഹൊസൈന്‍ സമാനിയിലൂടെ 82-ാം മിനിറ്റില്‍ അഫ്ഗാന്‍ സമനില ഗോള്‍ നേടി. 

ആദ്യ പകുതി ഇന്ത്യയുടെ മുന്നേറ്റങ്ങളാല്‍ സമ്പന്നമായിരുന്നു. പക്ഷേ ഫിനിഷിങ്ങിലെ പിഴവ് ഇന്ത്യയെ ഗോള്‍ നേടുന്നതില്‍ നിന്നകറ്റി. ഇന്ത്യന്‍ താരം മന്‍വീര്‍ സിങ്ങിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. ഒവെയ്‌സ് അസീസിയുടെ ഇടപെടല്‍ അവര്‍ക്ക് രക്ഷയായി.

പിന്നാലെ ഒമ്പതാം മിനിറ്റില്‍ മന്‍വീറും സുരേഷ് സിങ്ങും ചേര്‍ന്ന് മികച്ചൊരു മുന്നേറ്റം നടത്തി. ഇവിടെയും അസീസി അഫ്ഗാന്റെ രക്ഷയ്‌ക്കെത്തി.

10-ാം മിനിറ്റില്‍ സുനില്‍ ഛേത്രിയുടെ ഷോട്ടും അസീസി സേവ് ചെയ്തു. ആദ്യ പകുതിക്ക് തൊട്ടുമുമ്പും ഇന്ത്യയ്ക്ക് ഗോളിന് അവസരം ലഭിച്ചെങ്കിലും ഫിനിഷിങ് പിഴച്ചു.

രണ്ടാം പകുതിയില്‍ അഫ്ഗാനാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. എന്നാല്‍ പ്രതിരോധത്തിന്റെ മികവ് ഇന്ത്യയെ തുണച്ചു. 

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: India vs Afghanistan Football Live Updates