കഷ്ടതകള്‍ നിറഞ്ഞ ജീവിതത്തോട് ഡ്രിബിള്‍ ചെയ്ത് മുന്നേറിയാണ് ആഷിഖ് കുരുണിയന്‍ എന്ന യുവ ഫുട്‌ബോളര്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തുന്നത്. ഇല്ലായ്മയുടെ ബാല്യം... ഒരു പന്തും ബൂട്ടും സ്വന്തമാക്കുന്നതിനായി കൊതിച്ച നാളുകള്‍.. ബെംഗളൂരു എഫ്.സി. താരം കൂടിയായ ആഷിഖ് കുരുണിയന്‍ ആ കാലം മാതൃഭൂമി സ്‌പോര്‍ട്‌സ് മാസികയുമായി പങ്കുവെയ്ക്കുന്നു.

''അന്ന് ഞാന്‍ എട്ടാംക്ലാസില്‍ പഠിക്കുകയാണ്. പാണക്കാട് എം.യു.എ.യു.പി. സ്‌കൂളില്‍. ഫുട്‌ബോളാണ് ഭാവിയെന്ന് അന്നേ തീരുമാനിച്ചിരുന്നു. അതിനിടെ 'വിഷന്‍ ഇന്ത്യ' പരിശീലനത്തില്‍ പങ്കെടുത്തു, അതിലേക്ക് സെലക്ഷന്‍ ലഭിച്ചു. വീട്ടിലെ സാമ്പത്തികസ്ഥിതി മെച്ചമായിരുന്നില്ല. ഉപ്പയ്ക്ക് മണല്‍ വാരലായിരുന്നു ജോലി. ജ്യേഷ്ഠന്മാര്‍ രണ്ടുപേരും പഠിക്കുകയായിരുന്നു. ഇതിനിടയില്‍ എം.എസ്.പി. സ്‌പോര്‍ട്ട്‌സ് ഹോസ്റ്റലിന്റെ ട്രയല്‍സില്‍ പങ്കെടുത്തു. സെലക്ഷന്‍ ലഭിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. ഒരു പന്തും ബൂട്ടും സംഘടിപ്പിക്കുക എന്നതായിരുന്നു സ്വപ്നം. വീട്ടില്‍ പറയാന്‍ പറ്റില്ല. ജോലിയ്ക്കുപോയി പണം കണ്ടെത്താനായി ശ്രമം. അതിനായി അയല്‍വാസിയുടെ കരിമ്പിന്‍ ജ്യൂസ് കടയില്‍ ജോലിചെയ്തു. എം.എസ്.പിയിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സിന് പോകുമ്പോള്‍ ഞാന്‍ എട്ടിലാണ് പഠിക്കുന്നത്. അവിടെ എട്ടുമുതലാണ് ഹോസ്റ്റല്‍ പ്രവേശനം. അതുകൊണ്ടുതന്നെ സെലക്ഷനില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചു. സെലക്ഷന്‍ കിട്ടാതിരിക്കുന്നതിനെപ്പറ്റി ഓര്‍ക്കാനേ കഴിയില്ലായിരുന്നു. എട്ടില്‍ തോറ്റുകൊള്ളാം എന്ന് അവര്‍ക്ക് വാക്കുകൊടുത്തു. അങ്ങനെ ട്രയല്‍സില്‍ പങ്കെടുത്തു. ആ വര്‍ഷം ഞാന്‍ സ്‌കൂള്‍ പരീക്ഷയെഴുതിയില്ല. അടുത്ത വര്‍ഷം എം.എസ്.പിയില്‍ എട്ടാം ക്ലാസില്‍ ചേര്‍ന്നു. അങ്ങനെ ഫുട്‌ബോള്‍ കളിക്കാനായി എട്ടാംക്ലാസില്‍ രണ്ടുവര്‍ഷം ഞാന്‍ പഠിച്ചു.''
ആഷിഖ് കുരുണിയന്റെ വീട്ടുവിശേഷങ്ങളും കരിയറിലെ നിര്‍ണായക മുഹൂര്‍ത്തങ്ങളും അറിയാന്‍ ജൂലായ് ലക്കം മാതൃഭൂമി സ്‌പോര്‍ട്‌സ് മാസിക വായിക്കാം.
Content Highlights: INDIA’S ASHIQUE KURUNIYAN and his football DESTINY