സൂറിച്ച്: ഫിഫ റാങ്കിങ്ങില്‍ ഇന്ത്യക്ക് കുതിപ്പ്. മൂന്നു സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യന്‍ ഫുട്ബോള്‍ ടീം 102-ാം സ്ഥാനത്തേക്കുയര്‍ന്നു. 13 പോയന്റ് കൂട്ടിച്ചേര്‍ത്ത ടീമിന് മൊത്തം 333 പോയന്റാണുള്ളത്. 

ഏഷ്യന്‍ രാജ്യങ്ങളില്‍ 14-ാം സ്ഥാനത്താണ് ഇന്ത്യ. റാങ്കിങ്ങില്‍ 34-ാം സ്ഥാനത്തുള്ള ഇറാനാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ ഒന്നാമത്. ലോക ചാമ്പ്യന്‍മാരായ ജര്‍മനി ഒന്നാം സ്ഥാനത്തും ബ്രസീല്‍ രണ്ടാമതും പോര്‍ച്ചുഗല്‍ മൂന്നാം സ്ഥാനത്തും തുടരുന്നു. ആദ്യപത്തില്‍ മാറ്റങ്ങളില്ല. 

പരാജയമറിയാതെ ഒന്‍പതു കളികളാണ് ഇന്ത്യന്‍ ടീം പൂര്‍ത്തിയാക്കിയത്. ഇതില്‍ ഏഴു ജയവും രണ്ടു സമനിലയുമുണ്ട്. 2019ലെ എ.എഫ്.സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയതും ഇന്ത്യക്ക് തുണയായി.