Photo: twitter.com/IndianFootball
ബെംഗളൂരു: അടുത്ത മാസം ആരംഭിക്കുന്ന സാഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍. ഇരുടീമുകളും ഗ്രൂപ്പ് എയില്‍ മത്സരിക്കും. ബെംഗളൂരുവാണ് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്.
ജൂണ്‍ 21 മുതല്‍ ജൂലായ് നാല് വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഗ്രൂപ്പ് എ യില്‍ ഇന്ത്യയെയും പാകിസ്താനെയും കൂടാതെ കുവൈത്ത്, നേപ്പാള്‍ എന്നീ ടീമുകളുമുണ്ട്. ഗ്രൂപ്പ് ബിയില്‍ ലെബനന്‍, മാലിദ്വീപ്, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നീ ടീമുകള്‍ മത്സരിക്കും. ഗ്രൂപ്പ് മത്സരങ്ങള്‍ റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് നടക്കുന്നത്. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സെമിയിലേക്ക് മുന്നേറും. ആകെ എട്ട് ടീമുകളാണ് ടൂര്‍ണമെന്റിലുള്ളത്.
ഇത്തവണത്തെ സാഫ് ഫുട്‌ബോളിന് ഒരു പ്രത്യേകതയുണ്ട്. സൗത്ത് ഏഷ്യന്‍ രാജ്യങ്ങളല്ലാത്ത ലെബനനും കുവൈത്തും ഇത്തവണ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. ടൂര്‍ണമെന്റില്‍ ഏറ്റവുമുയര്‍ന്ന റാങ്കിലുള്ള ടീം ലെബനനാണ്. ടീം 99-ാം സ്ഥാനത്താണ്. ഇന്ത്യ 101-ാം റാങ്കിലാണ്. പാകിസ്താനാണ് ടൂര്‍ണമെന്റില്‍ റാങ്കിങ്ങില്‍ ഏറ്റവും പുറകിലുള്ള രാജ്യം. 195-ാം സ്ഥാനത്താണ് പാകിസ്താന്‍.
ഇന്ത്യ-പാക് മത്സരം ജൂണ്‍ 21 ന് നടക്കും. ഉദ്ഘാടന മത്സരത്തില്‍ കുവൈത്ത് നേപ്പാളിനെ നേരിടും. 2018 സാഫ് കപ്പ് സെമിയിലാണ് ഇന്ത്യ അവസാനമായി പാകിസ്താനെ നേരിട്ടത്. അന്ന് ഇന്ത്യ 3-1 ന് വിജയം നേടിയിരുന്നു. പക്ഷേ ഫൈനലില്‍ മാലിദ്വീപിനോട് പരാജയപ്പെട്ടു. ഇന്ത്യ എട്ടുതവണ സാഫ് കപ്പ് ഫുട്‌ബോള്‍ കിരീടം നേടിയിട്ടുണ്ട്.
Content Highlights: India, Pakistan Clubbed In Same Group In Next Month's SAFF Cup
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..