ന്യൂഡൽഹി: ഏറ്റവും പുതിയ ഫിഫ റാങ്കിങ്ങിൽ മാറ്റമില്ലാതെ ഇന്ത്യൻ ഫുട്ബോൾ ടീം. 105-ാം റാങ്ക് ഇന്ത്യ നിലനിർത്തി. അതേസമയം വനിതാ ഫുട്ബോളിൽ ഇന്ത്യ തിരിച്ചടി നേരിട്ടു. ഏറ്റവും പുതിയ റാങ്കിങ്ങിൽ ഇന്ത്യൻ വനിതാ ടീം 57-ാം സ്ഥാനത്തേക്ക് വീണു. നാല് സ്ഥാനങ്ങളാണ് ടീമിന് നഷ്ടമായത്.

യുക്രയ്നും ബഹ്റിനും തമ്മിലുള്ള സൗഹൃദ മത്സരം മാത്രമാണ് റാങ്കിങ് കണക്കാക്കുന്ന സമയത്ത് നടന്നത്. ആ മത്സരം 1-1ന് സമനിലയിൽ അവസാനിക്കുകയും ചെയ്തു. അതുകൊണ്ട് റാങ്കിങ്ങിൽ വലിയ മാറ്റം വന്നില്ല. പട്ടികയിൽ ഏക മാറ്റം വന്ന ടീം ബഹ്റിനാണ്. അവർ ഒരു സ്ഥാനം മെച്ചപ്പെടുത്തി 98-ാം റാങ്കിലെത്തി.

റാങ്കിങ്ങിൽ ബെൽജിയം ഒന്നാം സ്ഥാനത്ത് തുടരുന്നു. നിലവിലെ ലോകചാമ്പ്യൻമാരായ ഫ്രാൻസ് രണ്ടാം സ്ഥാനത്താണ്. മൂന്നാമത് മുൻ ലോക ചാമ്പ്യൻമാരായ ബ്രസീലാണുള്ളത്. നാലാം റാങ്കിൽ ഇംഗ്ലണ്ടും അഞ്ചാമത് യൂറോപ്യൻ ചാമ്പ്യൻമാരായ പോർച്ചുഗലുമാണുള്ളത്.

വനിതാ വിഭാഗത്തിൽ അമേരിക്കയാണ് ഒന്നാം റാങ്കിൽ. ജർമനി, ഹോളണ്ട്, ഫ്രാൻസ്, സ്വീഡൻ ടീമുകളാണ് രണ്ടു മുതൽ അഞ്ചു വരെ റാങ്കിലുള്ളത്.
Content Highlights: India mens football team retains 105th position in FIFA ranking