Photo: PTI
ന്യൂഡല്‍ഹി: എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് തിരഞ്ഞെടുത്തത് ജ്യോതിഷിയുടെ നിര്‍ദേശപ്രകാരമാണെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ ജ്യോത്സ്യന്‍ ഭൂപേഷ് ശര്‍മയുടെ സഹായത്തോടെയാണ് സ്റ്റിമാച്ച് ഇലവനെ തീരുമാനിച്ചതെന്ന് എഐഎഫ്എഫ് ജനറല്‍ സെക്രട്ടറിയായിരുന്ന കുശാല്‍ ദാസ് വെളിപ്പെടുത്തി. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
2022 ജൂണില്‍ അഫ്ഗാനിസ്താനെതിരായ മത്സരത്തില്‍ ജ്യോതിഷിയുടെ ഉപദേശപ്രകാരം രണ്ട് പ്രധാന താരങ്ങളെ ടീമിന് പുറത്തിരുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 മേയിലാണ് സ്റ്റിമാച്ചിന് ജ്യോതിഷിയെ പരിചയപ്പെടുത്തിയതെന്ന് കുശാല്‍ ദാസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് മാസത്തെ സേവനത്തിന് ഭൂപേഷ് ശര്‍മ 12 മുതല്‍ 15 ലക്ഷം രൂപ വരെ കൈപ്പറ്റിയതായി കുശാല്‍ ദാസ് വെളിപ്പെടുത്തി. ഇന്ത്യ ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയപ്പോള്‍ അതൊരു വലിയ തുകയായി തോന്നിയില്ലെന്നും കുശാല്‍ ദാസ് പറഞ്ഞു.
അഫ്ഗാനെതിരായ മത്സരത്തിനു മുമ്പ് കളിക്കാരുടെ സാധ്യതാ പട്ടിക സ്റ്റിമാച്ച് ഈ ജ്യോതിഷിക്ക് അയച്ചുകൊടുത്തു എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജൂണ്‍ 11-നായിരുന്നു മത്സരം. ഇതിനായി ഒന്‍പതാം തീയതി തന്നെ സ്റ്റിമാച്ച് താരങ്ങളുടെ പേരുകള്‍ ജ്യോതിഷിക്ക് നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. താരങ്ങളുടെ വിവരങ്ങള്‍ പരിശോധിച്ച് 'മികച്ചത്', 'നന്നായി കളിക്കും', 'ആത്മവിശ്വാസം വേണം', ശരാശരി, 'ഇന്ന് കളിപ്പിക്കരുത്' തുടങ്ങിയ ഉപദേശങ്ങള്‍ നല്‍കി. അദ്ദേഹത്തിന്റെ ഉപദേശ പ്രകാരം രണ്ടു പ്രധാനതാരങ്ങളെ ടീമില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു.
അഫ്ഗാനെതിരായ മത്സരം ഇന്ത്യ 2-1ന് വിജയിച്ചിരുന്നു. പിന്നാലെ ജോര്‍ദാന്‍, കംബോഡിയ, അഫ്ഗാനിസ്താന്‍, ഹോങ്കോങ് ടീമുകള്‍ക്കെതിരായ മത്സരങ്ങള്‍ക്ക് മുമ്പും അന്തിമ ഇലവനെ തീരുമാനിക്കാന്‍ ജ്യോതിഷി ടീമിനെ സഹായിച്ചു. ഇതിനായി സ്റ്റിമാച്ച് ജ്യോതിഷിക്ക് അയച്ച സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം പുറത്തുവന്ന റിപ്പോര്‍ട്ട്
എ.എഫ്.സി എഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യ 2023 എ.എഫ്.സി കപ്പിന് യോഗ്യത നേടിയത്. ഈ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ സംഘത്തെ പ്രചോദിപ്പിക്കാനും യോഗ്യത ഉറപ്പാക്കാനുമായി ഒരു ജ്യോതിഷ ഏജന്‍സിക്ക് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) നല്‍കിയത് 16 ലക്ഷം രൂപയാണെന്ന് 2022 ജൂണില്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എ.എഫ്.സി കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് മുമ്പായി ഒരു മോട്ടിവേറ്ററെ ടീമിനൊപ്പം നിയമിച്ചിരുന്നുവെന്നും പിന്നീടുള്ള അന്വേഷണത്തില്‍ ഇയാള്‍ ഒരു ജ്യോതിഷ ഏജന്‍സിയുടെ ഭാഗമായ വ്യക്തിയാണെന്ന് വ്യക്തമാകുകയും ചെയ്തതായി ബന്ധപ്പെട്ട് വൃത്തങ്ങളെ ഉദ്ധരിച്ച് അന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ടീമിനെ പ്രചോദിപ്പിക്കാനായി ഒരു ജ്യോതിഷിയെ തന്നെയാണ് 16 ലക്ഷം മുടക്കി എ.ഐ.എഫ്.എഫ് നിയമിച്ചതെന്നാണ് പിടിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
Content Highlights: India football coach Igor Stimac gave details of players to astrologer
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..