ബാഴ്‌സലോണ: ബാഴ്‌സലോണയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സിയ്ക്ക് നിലവിലുള്ള ശമ്പളം പുതിയ സീസണില്‍ നല്‍കുന്നത് തുടരാനാകില്ലെന്ന് വ്യക്തമാക്കി ലാ ലിഗ പ്രസിഡന്റ് ഹാവിയര്‍ തെബാസ്. മെസ്സിയ്ക്ക് വേണ്ടി വലിയ തുകയാണ് ബാഴ്‌സലോണ മുടക്കുന്നതെന്നും തെബാസ് പറഞ്ഞു.

ബാഴ്‌സയുമായുള്ള കരാര്‍ അവസാനിച്ചതോടെ ജൂലായ് 1 മുതല്‍ മെസ്സി ഫ്രീ ഏജന്റായി മാറിയിരിക്കുകയാണ്. ബാഴ്‌സലോണയുമായുള്ള മെസ്സിയുടെ കരാര്‍ പ്രകാരം അവസാന നാലുവര്‍ഷത്തേക്ക് മെസ്സിയ്ക്ക് വേണ്ടി ബാഴ്‌സ ഏകദേശം 500 മില്യണ്‍ യൂറോയാണ് (ഏകദേശം 4000 കോടി രൂപ) ചെലവാക്കിയത്. അതില്‍ സൈനിങ് ഫീസും ബോണസും വീക്‌സി സാലറിയും പ്രമോഷനുമെല്ലാം ഉള്‍പ്പെടും. 

നൗകാമ്പില്‍ തുടരണമെങ്കില്‍ മെസ്സി വേതനം കുറയ്‌ക്കേണ്ടിവരും. 'ഈ ശമ്പളത്തില്‍ ബാഴ്‌സലോണയില്‍ മെസ്സിയ്ക്ക് തുടരാനകില്ല. യൂറോപ്പിലെ ഒരു ക്ലബ്ബിലും ഇത്രയും വലിയ തുക മുടക്കാനാകുമെന്ന് എനിക്ക് തോന്നിന്നില്ല'-തെബാസ് പറഞ്ഞു.

അര്‍ജന്റീനയുടെ ഇതിഹാസ താരത്തെ സ്വന്തമാക്കാന്‍ മാഞ്ചെസ്റ്റര്‍ സിറ്റിയും പി.എസ്.ജിയും രംഗത്തുണ്ട്. എന്നാല്‍ ഇരുടീമുകളും ഇത്രയും വലിയ തുക മെസ്സിയ്ക്ക് വേണ്ടി മുടക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കോവിഡ് കാലത്ത് സിറ്റിയ്ക്ക് വരുമാനത്തില്‍ 270 മില്യണ്‍ യൂറോയുടെ ഇടിവുണ്ടായിട്ടുണ്ട്. 

നിലവില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി കോപ്പ അമേരിക്കയിലാണ് മെസ്സി കളിക്കുന്നത്. താരത്തിന്റെ ഓള്‍റൗണ്ട് പ്രകടന മികവില്‍ അര്‍ജന്റീന കോപ്പ അമേരിക്കയുടെ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. ഫൈനലില്‍ ബ്രസീലിനെയാണ് അര്‍ജന്റീന നേരിടുക.

Content Highlights: Impossible for Barcelona to match the previous salary of Lionel Messi, says La Liga president Javier Tebas