ലണ്ടന്‍: ജൂണ്‍ അവസാനത്തോടെയെങ്കിലും മത്സരങ്ങള്‍ പുനഃരാരംഭിക്കാനായില്ലെങ്കില്‍ ഈ ഫുട്‌ബോള്‍ സീസണ്‍ മുഴുവന്‍ നഷ്ടമാകുമെന്ന് യൂറോപ്യന്‍ ഫുട്‌ബോള്‍ ഭരണസമിതി (യുവേഫ) തലവന്‍ അലക്‌സാണ്ടര്‍ സെഫെറിന്‍.

ഇറ്റാലിയന്‍ പത്രമായ ലാ റിപ്പബ്ലിക്കയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സെഫെറിന്‍ ഇക്കാര്യം പറഞ്ഞത്.

കോവിഡ്-19 ആശങ്കയെ തുടര്‍ന്ന് ഫുട്‌ബോള്‍ ലീഗുകളെല്ലാം തന്നെ നിര്‍ത്തിവെച്ചിരിക്കുകയാണ്. ചാമ്പ്യന്‍സ് ലീഗും യൂറോപ്പ ലീഗും അടക്കമുള്ള യൂറോപ്യന്‍ പോരാട്ടങ്ങളും നിര്‍ത്തി. കോവിഡ്-19 ബാധിക്കുന്നവരുടെ എണ്ണവും മരണങ്ങളും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സെഫെറിന്റെ വാക്കുകള്‍.

''ഞങ്ങള്‍ക്ക് പ്ലാന്‍ എയും പ്ലാന്‍ ബിയും ഉണ്ടായിരുന്നു. ഒന്നുകില്‍ മെയ് പകുതിയോടെ മത്സരങ്ങള്‍ പുനഃരാരംഭിക്കണം അല്ലെങ്കില്‍ ജൂണില്‍ അതുമല്ലെങ്കില്‍ ജൂണ്‍ അവസാനത്തോടെ. അതിനും സാധിച്ചില്ലെങ്കില്‍ സീസണ്‍ തീര്‍ച്ചയായും നഷ്ടമാകും'',  സെഫെറിന്‍ പറഞ്ഞു.

അതേസമയം അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ മത്സരങ്ങള്‍ നടത്തിയിട്ടാണെങ്കിലും ആഭ്യന്തര ലീഗുകള്‍ പൂര്‍ത്തിയാക്കുന്നതിനാണ് മുന്‍ഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: if not started by the end of June season could be lost UEFA president