സ്‌ലാന്‍ഡ് ടീംലിസ്റ്റ് കണ്ടാല്‍ കൗതുകംതോന്നും. 'ആണ്‍മക്കളാല്‍' സമ്പന്നമായ ടീം. എല്ലാവരുടെയും പേരുകള്‍ അവസാനിക്കുന്നത് 'സണ്‍' എന്ന വാക്കില്‍. ഈ നാമകരണത്തിനു പിന്നില്‍ ചരിത്രപരമായ പ്രാധാന്യമുണ്ട്. മറ്റുരാജ്യങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമായ പേരിടലാണ് ഇവിടത്തുകാര്‍ക്ക്.

മിഡ്ഫീല്‍ഡര്‍ ഗില്‍ഫി സിഗുര്‍ഡ്‌സണ്‍, ഗോളി ഹാന്‍സ് ഹാല്‍ഡോര്‍സണ്‍, മുന്നേറ്റതാരം ജോണ്‍ ഡാഡി ബോഡിവാര്‍സണ്‍, ആറോണ്‍ ഗുണേഴ്‌സണ്‍, കോള്‍ബിന്‍ സിഗ്‌തോര്‍സണ്‍, റാഗ്നര്‍ സിഗ്രൂഡ്‌സണ്‍, കാരി അര്‍നസണ്‍ തുടങ്ങി ടീമിലുള്ള താരങ്ങളെല്ലാം 'സണ്‍' നാമത്തില്‍ അവസാനിക്കുന്നവര്‍. കളിക്കാര്‍ മാത്രമല്ല ഐസ്‌ലാന്‍ഡിലെ പുരുഷന്മാരുടെയെല്ലാം പേരുകള്‍ സണ്‍ വാചകത്തില്‍ അവസാനിക്കുന്നതാണ്.

iceland

ജാതിപ്പേരോ, കുടുംബപ്പേരോ ഈ സ്‌കാന്‍ഡിനേവിയന്‍ ദ്വീപുകാര്‍ പേരിനൊപ്പം ചേര്‍ക്കാറില്ല. അച്ഛന്റെ (ചില സാഹചര്യങ്ങളില്‍ അമ്മയുടെയും) പേരാണ് പേരിനൊപ്പം ചേര്‍ക്കാറുള്ളത്. ജനിക്കുന്നത് ആണ്‍കുട്ടിയാണെങ്കില്‍ ആദ്യ നാമവും ഒപ്പം അച്ഛന്റെ പേരും അതിനൊപ്പം മകന്‍ എന്നര്‍ഥം വരുന്ന സണ്‍ എന്ന വാക്കും പേരിനൊപ്പം കൂട്ടിച്ചേര്‍ക്കുന്നു, കുട്ടി പെണ്ണാണെങ്കില്‍ ഇതേരീതിയില്‍ത്തന്നെ അവസാന പേരായി മകള്‍ എന്നര്‍ഥംവരുന്ന ഡോട്ടര്‍ (ഐസ്‌ലാന്‍ഡ് ഭാഷയില്‍-dottir) വാക്കും പേരിനൊപ്പം ചേര്‍ക്കും.

'പാട്രോണിമിക്' എന്നാണ് ഈ നാമകരണരീതിക്ക് പറയുന്നത് (അമ്മയുടെ പേരാണെങ്കില്‍ മാട്രേണിമിക്‌). അതായത്, കുട്ടികളുടെ പേരിന്റെ രണ്ടാം നാമത്തിനൊപ്പം അച്ഛന്റെ പേരുവെക്കുന്നു, അതിനുശേഷം സണ്‍ എന്ന പദവും. കുട്ടികള്‍ക്കിടുന്ന പേരിന്റെ ആദ്യനാമം രാജ്യത്താര്‍ക്കും ഉണ്ടാകരുതെന്ന വ്യവസ്ഥയുമുണ്ട്. ഐസ്‌ലാന്‍ഡ് നേമിങ് സമിതിയാണ് ഇത്തരത്തില്‍ ഓരോരുത്തര്‍ക്കുമുള്ള പേരുകള്‍ അനുവദിക്കുന്നത്.

iceland

ഒന്നുമില്ലായ്മയില്‍നിന്നായിരുന്നു കാല്‍പ്പന്തുകളിയില്‍ ഐസ്‌ലാന്‍ഡിന്റെ വളര്‍ച്ച. മറ്റു രാജ്യങ്ങളെപ്പോലെ പരിശീലനത്തിനായി അനുകൂലകാലവസ്ഥപോലും ലഭിക്കാറില്ല. അന്തരീക്ഷതാപനില 10 ഡിഗ്രിക്കും 25 ഡിഗി സെല്‍ഷ്യസിനുമിടയിലേക്ക് താഴുന്ന, കടുത്തശൈത്യത്തിന്റെ പിടിയില്‍ തണുത്തുറഞ്ഞുപോകുന്ന രാജ്യത്ത് മെയ് മുതല്‍ സപ്തംബര്‍ വരെയുള്ള അഞ്ചു മാസങ്ങളില്‍ മാത്രമാണ് ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കാനാവുക.

ശേഷിക്കുന്നകാലം ശക്തമായ ഹിമക്കാറ്റുവീശുന്ന നാട്ടിലെ ഗ്രൗണ്ടുകളെല്ലാം മഞ്ഞുമൂടിക്കിടക്കുകയായിരിക്കും. എങ്കിലും ഫുട്‌ബോളിനെ വളര്‍ത്തിക്കൊണ്ടുവരാനുള്ള സര്‍ക്കാറിന്റെയും ദേശീയ ഫുട്‌ബോള്‍ അസോസിയേഷന്റെയും ശ്രമഫലമാണ് ഇന്നുകാണുന്ന നേട്ടങ്ങള്‍. യൂറോയിലെ നേട്ടങ്ങളോടൊപ്പം 'സണ്‍' പേരുകാരും ഫുട്‌ബോള്‍പ്രേമികളുടെ ശ്രദ്ധയിലെത്തുകയാണ്.