ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ പെരുകുന്ന സാഹചര്യം കണക്കിലെടുത്ത് ഐ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നീട്ടിവെച്ചു. ആറ് ആഴ്ചത്തേക്കാണ് ടൂര്‍ണമെന്റ് നീട്ടിയിരിക്കുന്നത്. 

ദേശീയ ഫുട്‌ബോള്‍ സംഘടനയായ എ.ഐ.എഫ്.എഫ് ആണ് ഇക്കാര്യം അറിയിച്ചത്. എല്ലാ ക്ലബ്ബുകളും തീരുമാനം അംഗീകരിച്ചു. ഐ ലീഗില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നിരുന്നു. ഇതുവരെ 45 കേസുകളാണ് ഐ ലീഗില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്. 

ഐ ലീഗില്‍ പങ്കെടുക്കുന്ന എല്ലാ ക്ലബ്ബുകളുടെയും പ്രതിനിധികളെയും ഉള്‍പ്പെടുത്തി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ടൂര്‍ണമെന്റ് നീട്ടിവെക്കാന്‍ തീരുമാനിച്ചത്. നാല് ആഴ്ചയ്ക്ക് ശേഷം ചേരുന്ന യോഗത്തിനുശേഷമാകും ഐ ലീഗിന്റെ പുതിയ മത്സരക്രമം പ്രഖ്യാപിക്കുക. 

താരങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി എല്ലാ ക്ലബ്ബ് അധികൃതരും ഒരേ സ്വരത്തില്‍ ടൂര്‍ണമെന്റ് മാറ്റിവെയ്ക്കാന്‍ സമ്മതിച്ചു. പുതിയ സീസണില്‍ ആദ്യ റൗണ്ട് മത്സരങ്ങള്‍ മാത്രമാണ് ഇതുവരെ നടന്നത്. അതിനുള്ളില്‍ തന്നെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ബംഗാളിലെ മൂന്ന് വേദികളിലായാണ് മത്സരങ്ങള്‍ നടന്നത്. 

Content Highlights: I-League Suspended For At Least Six Weeks After Fresh Covid Outbreak