കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ മോഹന്‍ ബഗാനെ അവരുടെ തട്ടകത്തില്‍ തളച്ച് ഇന്ത്യയുടെ യുവനിര ഇന്ത്യന്‍ ആരോസ്. മലയാളി താരം കെ.പി രാഹുലിന്റെ ഗോളിലാണ് ആരോസ് കരുത്തരായ മോഹന്‍ ബഗാനെ സമനിലയില്‍ പിടിച്ചത്. അമര്‍ജിത് കിയാം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ അവസാന 25 മിനിറ്റില്‍ പത്ത് പേരുമായാണ് ആരോസ് മത്സരം പൂര്‍ത്തിയാക്കിയത്. 

മത്സരം തുടങ്ങി 27-ാം മിനിറ്റില്‍ അസെര്‍ പിയറിക്ക് ദിപാന്‍ഡ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മോഹന്‍ ബഗാനെ മുന്നിലെത്തിച്ചു. എന്നാല്‍ ആറു മിനിറ്റിനുള്ളില്‍ ഇന്ത്യന്‍ ആരോസ് തിരിച്ചടിച്ചു. രണ്ട് പ്രതിരോധ താരങ്ങളെ മറികടന്ന് രാഹുല്‍ ബഗാന്റെ വല ചലിപ്പിക്കുകയായിരുന്നു. 

ആദ്യ പകുതിയിലായിരുന്നു രണ്ടു ഗോളും വന്നത്. രണ്ടാം പകുതിയില്‍ ബഗാന്‍ വിജയഗോളിനായി ശ്രമിച്ചെങ്കിലും ആരോസിന്റെ ഗോള്‍കീപ്പര്‍ നീരജിനെ മറികടക്കാനായില്ല. സോണി നോര്‍ദെയില്ലാതെ കളത്തിലറിങ്ങിയ മോഹന്‍ ബഗാന്റെ മൈദാന്‍ ഗ്രൗണ്ടിലെ ആദ്യ മത്സരമായിരുന്നു ഇത്. 

എെ ലീഗിൽ ഇത് രാഹുലിന്റെ രണ്ടാം ഗോളാണ്. ലജോങ് എഫ്.സി.ക്കെതിരെയും രാഹുൽ ഗോൾ നേടിയിരുന്നു.

Content highlights: I League Mohun Bagan vs Indian Arrows Football KP Rahul Goal