കോഴിക്കോട്: ഇന്ത്യന്‍ ഫുട്ബോളിനെ പ്രതിസന്ധിയിലേക്ക് നയിച്ച് ഇന്ത്യന്‍ സൂപ്പര്‍ ലീഗ്- ഐ ലീഗ് ലയനം കൂടുതല്‍ സങ്കീര്‍ണമാകുന്നു. 20 ടീമുകള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ ഫുട്ബോള്‍ ലീഗെന്ന ആശയവുമായി ഐ ലീഗ് ടീമുകളും ശക്തമായ സാമ്പത്തികസ്ഥിതിയുള്ള 16 ടീമുകള്‍ ഉള്‍പ്പെടുന്ന ലീഗുമായി അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷനും (എ.ഐ.എഫ്.എഫ്) മുന്നോട്ടുവന്നതോടെ കുരുക്ക് വീണ്ടും മുറുകി. ബുധനാഴ്ചയാണ് ഐ ലീഗ് ടീമുകള്‍ പുതിയ നിര്‍ദേശം ഫെഡറേഷന് സമര്‍പ്പിച്ചത്.

അടുത്ത സീസണില്‍ ഒറ്റ ലീഗെന്ന ആശയത്തില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് എ.ഐ.എഫ്.എഫ്. ഐ ലീഗും സൂപ്പര്‍ലീഗുമായി മുന്നോട്ടുപോകുന്നതിന് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ പിന്തുണ അധികകാലം ലഭിക്കില്ലെന്ന തിരിച്ചറിവാണിതിന് കാരണം. എന്നാല്‍ സൂപ്പര്‍ലീഗുമായി ലയിപ്പിക്കുന്നതിനെ ഐ ലീഗ് ടീമുകള്‍ ഒറ്റക്കെട്ടായി എതിര്‍ത്തതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി ഐ ലീഗ് ടീമുകള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്നും പിന്മാറി. എന്നാല്‍ ചര്‍ച്ചയ്ക്ക് വഴി തുറക്കാതെ ഫെഡറേഷന്‍ നിലപാട് കടുപ്പിച്ചതോടെയാണ് പുതിയ വഴിത്തിരിവ്.

10 സൂപ്പര്‍ലീഗ് ടീമുകളും ആറ് ഐ ലീഗ് ടീമുകളും ഉള്‍പ്പെടുന്ന ലീഗ് അടുത്തവര്‍ഷം നടത്താനാണ് ഫെഡറേഷന്‍ ലക്ഷ്യമിടുന്നത്. സാമ്പത്തികമായി ക്ലബ്ബുകള്‍ക്ക് കൂടുതല്‍ മെച്ചം ലഭിക്കുന്ന രീതിയിലുള്ളതാണ് പുതിയ പദ്ധതി.

ഫെഡറേഷന്റെ ഇത്തരമൊരു നീക്കത്തിന് തടയിടാനാണ് 20 ടീമുകളുടെ ലീഗെന്ന ആശയം ഐ ലീഗ് ടീമുകള്‍ മുന്നോട്ടുവെച്ചത്. ഐ ലീഗില്‍ കളിക്കുന്ന ടീമുകള്‍ ഇതുസംബന്ധിച്ച രൂപരേഖ ബുധനാഴ്ച ഫെഡറേഷന് കൈമാറി. പത്ത് വീതം ഐ ലീഗ്, സൂപ്പര്‍ ലീഗ് ടീമുകള്‍ ചേര്‍ന്ന ലീഗാണ് ഇവര്‍ വിഭാവനം ചെയ്യുന്നത്. 16 ടീമുകള്‍ പങ്കെടുക്കുന്ന രണ്ടാം ഡിവിഷനും ഇവര്‍ നിര്‍ദേശിക്കുന്നു. വിദേശതാരങ്ങളുടെ എണ്ണം നാലായി കുറയ്ക്കുന്നതും ശക്തമായ യൂത്ത് ഡെവലപ്‌മെന്റ് സിസ്റ്റം വേണമെന്നതുമടക്കമുള്ള കാര്യങ്ങള്‍ രൂപരേഖയിലുണ്ട്. ഇതിനു പുറമെ, സ്‌പോണ്‍സര്‍ഷിപ്പ് അടക്കമുള്ള വരുമാനം ഏത് രീതിയില്‍ എ.ഐ.എഫ്.എഫ്. പങ്കുവെക്കണമെന്ന നിര്‍ദേശവുമുണ്ട്.

പണമില്ലാത്തവന്‍ പിണം

എ.ഐ.എഫ്.എഫ്. നിശ്ചയിക്കുന്ന സാമ്പത്തിക പരിധി അംഗീകരിക്കുന്ന ഐ ലീഗ് ക്ലബ്ബുകളെയാകും പുതുതായി ഉള്‍പ്പെടുത്തുന്നത്. കൊല്‍ക്കത്ത ക്ലബ്ബുകളായ മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, ഗോകുലം എഫ്.സി, റിയല്‍ കശ്മീര്‍, നെറോക്ക എഫ്.സി, ചെന്നൈ സിറ്റി എന്നിവയെയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഐസോള്‍ എഫ്.സി, മിനര്‍വ പഞ്ചാബ്, ഷില്ലോങ് ലജോങ്, ചര്‍ച്ചില്‍ ബ്രദേഴ്സ് ടീമുകള്‍ക്ക് സൂപ്പര്‍ലീഗില്‍ കളിക്കാനുള്ള സാമ്പത്തികഭദ്രതയില്ലെന്നാണ് ഫെഡറേഷന്റെ കണക്കുകൂട്ടല്‍. പണമൊഴുക്കി സംഘടിപ്പിക്കുന്ന സൂപ്പര്‍ലീഗിന്റെ ഗ്ലാമര്‍ കുറയ്ക്കാന്‍ ഫെഡറേഷനും സാമ്പത്തികപങ്കാളികളായ റിലയന്‍സിനും കഴിയില്ല.

Content Highlights: I-League - ISL merger AIFF