Photo: twitter.com/GokulamKeralaFC
ഇന്ത്യന്‍ ഫുട്‌ബോളില്‍ കിരീട നേട്ടങ്ങളുടെ തിളക്കത്തിലാണ് ഗോകുലം കേരള എഫ്.സി. ക്ലബ്ബ് രൂപീകൃതമായി അഞ്ചു വര്‍ഷത്തിനുള്ളില്‍ ഡ്യൂറണ്ട് കപ്പ്, രണ്ട് ഐ ലീഗ് കിരീടങ്ങള്‍, രണ്ട് കേരള പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, ഇന്ത്യന്‍ വനിതാ ലീഗ് കിരീടം, കേരള വനിതാ ലീഗ് കിരീടം എന്നിവയെല്ലാം ഗോകുലത്തിന്റെ ഷെല്‍ഫില്‍ ഇടംപിടിച്ചുകഴിഞ്ഞു.
ഐ ലീഗ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന നേട്ടവും സ്വന്തമാക്കിയ ഗോകുലത്തിനായി ഇത്തവണ തിളങ്ങിയത് ഒരു സ്ലൊവേനിയന്‍ താരമാണ്. മുമ്പ് ഡ്യൂറന്റ് കപ്പിലടക്കം ഗോകുലത്തിനായി തിളങ്ങിയ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ താരം മാര്‍ക്കസ് ജോസഫിനെ ഇത്തവണ മുഹമ്മദന്‍സ് റാഞ്ചിയപ്പോള്‍ കോച്ച് വിസെന്‍സോ ആല്‍ബര്‍ട്ടോ അന്നീസെ ടീമിലെത്തിച്ചതാണ് ലൂക്ക മെയ്‌സന്‍ എന്ന സ്ലൊവേനിയന്‍ സ്‌ട്രൈക്കറെ.
ഇത്തവണ ലീഗില്‍ 15 ഗോളുകളുമായി മാര്‍ക്കസ് ജോസഫ് ടോപ് സ്‌കോററായപ്പോള്‍ 13 ഗോളുകളുമായി ലൂക്ക രണ്ടാം സ്ഥാനത്തുണ്ട്. ഗോകുലത്തിന്റെ കുന്തമുനയായി മാറിയ ലൂക്കയുടെ പേരില്‍ സീസണില്‍ ഒരു ഹാട്രിക്കുമുണ്ട്. സീസണില്‍ ഗോകുലം നേടിയ 44 ഗോളുകളില്‍ 13 എണ്ണവും ലൂക്കയുടെ പേരിലാണ്.
സ്‌ലൊവേനിയ യുഗോസ്ലാവിയയുടെ ഭാഗമായിരുന്ന സമയത്ത് 1989 ജൂലായ് 25-നായിരുന്നു ലൂക്കയുടെ ജനനം. സ്‌ലൊവേനിയന്‍ ഫുട്‌ബോള്‍ ക്ലബ്ബായ ഇന്റര്‍ലോക്കിലൂടെയാണ് ലൂക്ക പ്രൊഫഷണല്‍ ഫുട്‌ബോളിലേക്കെത്തുന്നത്. 2008 മുതല്‍ 2011 വരെ ഇന്‍ര്‍ലോക്കില്‍ തുടര്‍ന്ന താരം 74 കളികളില്‍ നിന്ന് 11 ഗോളുകളാണ് നേടിയത്. പിന്നീട് ലിവാര്‍, റുഡാര്‍ വെലെന്‍യെ, കോപ്പര്‍, ട്രിഗ്ലാവ് റാന്‍യ്, ഗോറിക തുടങ്ങിയ വിവിധ സ്‌ലൊവേനിയന്‍ ക്ലബ്ബുകള്‍ക്കായി ബൂട്ടുകെട്ടി.
പിന്നീട് 2020-ല്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിലൂടെയാണ് ലൂക്ക ഇന്ത്യയിലേക്കെത്തുന്നത്. 2020-21 സീസണില്‍ ചര്‍ച്ചിലിനായി 15 കളികളില്‍ നിന്ന് 11 ഗോളുകള്‍ നേടി. പിന്നീട് ഐ ലീഗ് രണ്ടാം ഡിവിഷനിലെ ബെംഗളൂരു യുണൈറ്റഡ് താരത്തെ റാഞ്ചി. ഒടുവില്‍ 2022 ജനുവരിയിലാണ് ലൂക്ക ഗോകുലത്തിന്റെ ഭാഗമാകുന്നത്. മാര്‍ച്ച് ഏഴിന് റിയല്‍ കശ്മീരിനെതിരായ മത്സരത്തില്‍ ഗോകുലത്തിനായി ഗോളടി തുടങ്ങിയ താരം കെങ്ക്രെ എഫ്‌സിക്കെതിരെ ഗോകുലം 6-2ന് ജയിച്ച മത്സരത്തില്‍ ഹാട്രിക്കുമായി തിളങ്ങുകയും ചെയ്തു.
സീസണില്‍ ഗോകുലത്തിനായി ഏറ്റവും കൂടുതല്‍ തവണ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും (5) ലൂക്ക തന്നെ.
Content Highlights: I-League Gokulam Kerala s star striker Luka Majcen
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..