കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിലെ നിര്‍ണായക മത്സരത്തില്‍ ഞായറാഴ്ച ആതിഥേയരായ ഗോകുലം എഫ്.സി. നിലവിലെ ചാമ്പ്യന്‍മാരായ ഐസോളിനെ നേരിടും. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ടിനാണ് മത്സരം. 

ഐസോള്‍ പരിശീലകന്‍ പൗലൊ മെനസിസ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ മത്സരത്തില്‍ മിനര്‍വ പഞ്ചാബിനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് കീഴടക്കിയത് ടീമിന്റെ പോരാട്ടവീര്യത്തിന് ഉദാഹരണമായി മെനസിസ് കാണുന്നു. അഞ്ചുദിവസത്തിനിടെ രണ്ടുകളികളുള്ളതും മത്സരം ഉച്ചയ്ക്ക് രണ്ടിനാണെന്നതും കാര്യമാക്കുന്നില്ലെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ലക്ഷ്യം വിജയവും മൂന്നു പോയന്റും മാത്രം.

ഗോകുലം പരിശീലകന്‍ ബിനോ ജോര്‍ജും ഹോം മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ കളിയില്‍ ഈസ്റ്റ് ബംഗാളിനോട് ടീം പൊരുതിത്തോല്‍ക്കുകയായിരുന്നു. ഇന്ത്യന്‍ ആരോസിനെതിരേ നേടിയ വിജയവും ടീമിനെ പ്രചോദിപ്പിക്കുന്നു. ആരാധകര്‍ക്കുമുന്നില്‍ ജയത്തിനായി ആക്രമിച്ചുകളിക്കുമെന്ന് ബിനോ വ്യക്തമാക്കി.

വിദേശതാരങ്ങളുടെ പരിക്കാണ് ടീമിന് തിരിച്ചടിയാവുന്നത്. അഞ്ചു കളിയില്‍നിന്ന് ഒരു ജയവും ഒരു സമനിലയും മൂന്നു തോല്‍വിയുമായി നാലുപോയന്റുള്ള കേരള ക്ളബ്ബ് എട്ടാം സ്ഥാനത്താണ്. നാലുകളിയില്‍നിന്ന് ഏഴുപോയന്റുള്ള ഐസോള്‍ ഏഴാം സ്ഥാനത്തും.