മലപ്പുറം: ഫുട്‌ബോള്‍പ്രേമികളുടെ നാട്ടില്‍ പുത്തന്‍ പ്രതീക്ഷകളുമായി പന്തുതട്ടി കേരള യുണൈറ്റഡ് എഫ്.സി. ഐ ലീഗില്‍ മലപ്പുറത്തിനു സ്വന്തമായൊരു ക്ലബ്ബ് എന്ന സ്വപ്നനേട്ടത്തിന്റെ അടുത്തെത്തിയിരിക്കുകയാണ് ഈ ന്യൂജെന്‍ ടീം.

മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ടീമിന്റെ പരിശീലനം ജൂലായ് ആറുമുതല്‍ തുടങ്ങിക്കഴിഞ്ഞു. ഒക്ടോബറില്‍ ബെംഗളൂരുവില്‍ നടക്കുന്ന ഐ ലീഗ് സെക്കന്‍ഡ് ഡിവിഷനില്‍ മിന്നും പ്രകടനം നടത്താനുള്ള പരിശീലനത്തിലാണ് സംഘം. 10 ക്ലബ്ബുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനക്കാര്‍ ഐ ലീഗ് യോഗ്യത നേടും. അതുകൊണ്ട് എതിരാളികള്‍ക്ക് ഒരു അവസരവും കൊടുക്കില്ല എന്ന വാശിയിലാണ് ടീം യുണൈറ്റഡ്.

സീസണില്‍ ഐ ലീഗ് സെക്കന്‍ഡ് ഡിവിഷനിലേക്കു യോഗ്യതനേടിയ കേരളത്തിലെ ഏക ടീമാണ് ഇവര്‍.

പരിശീലനം തുടങ്ങി

സെക്കന്‍ഡ് ഡിവിഷനില്‍ ഒന്നാംസ്ഥാനക്കാരായി ഐ ലീഗില്‍ കടന്നാല്‍ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തെ കാത്തിരിക്കുന്നത് വന്‍ അവസരങ്ങളാണ്. മുന്‍പ് ഫെഡറേഷന്‍ കപ്പ് നടന്നപ്പോള്‍ മഞ്ചേരി പയ്യനാട് സ്റ്റേഡിയം  മാഞ്ചെസ്റ്ററായപോലെ വീണ്ടുമൊരു വസന്തകാലം ഫുട്ബോള്‍ പ്രേമികളെ തേടിയെത്തും. ടീമിന്റെ ഹോം ഗ്രൗണ്ടില്‍ ഐ ലീഗ് ടീമുകള്‍ ബൂട്ടണിഞ്ഞെത്തും.

കഴിഞ്ഞ സീസണില്‍ എടവണ്ണ സീതി ഹാജി സ്റ്റേഡിയമായിരുന്നു ഹോം ഗ്രൗണ്ട്. ഐ ലീഗ് രജിസ്ട്രേഷനുള്ള നിബന്ധനകള്‍ പാലിക്കാനാണ് പയ്യനാട്ടേക്കു കൂടുമാറിയത്.

വമ്പന്‍മാരാണ് ക്ലബ്ബ്

സൗദി ആസ്ഥാനമായ യുണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പാണ് ക്ലബ്ബിന്റെ ഉടമസ്ഥര്‍. കോഴിക്കോട് കേന്ദ്രീകരിച്ചു കളിച്ച ക്വാര്‍ട്സ് എഫ്.സി.യെ യുണൈറ്റഡ് ഗ്രൂപ്പ് എറ്റെടുക്കുകയാണുണ്ടായത്.

യുണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പ് ഇംഗ്ലണ്ടിലെ ഷെഫീല്‍ഡ് യുണൈറ്റെഡ് മുതല്‍ ബെല്‍ജിയത്തിലെ ബീര്‍ഷുട്ട് എഫ്.സി. വരെ നീളുന്ന വലിയ ശൃംഖലയാണ്. അതിന്റെ ഗുണം ടീമിലെ കളിക്കാര്‍ക്കും മാനേജ്മെന്റ് വാഗ്ദാനംചെയ്തിട്ടുണ്ട്. മികച്ച പ്രകടനം കാഴ്ചവെക്കുന്നവരെ ഇവിടങ്ങളില്‍ പരിശീലനത്തിനയക്കാമെന്നു മാനേജ്മെന്റ് ഉറപ്പുകൊടുത്തിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ കേരള പ്രീമിയര്‍ ലീഗില്‍ ഇറങ്ങിയ ടീം സെമിവരെയെത്തി ആ വാഗ്ദാനത്തിലേക്കടുക്കുകയാണ്.

ഓള്‍ ദി ബെസ്റ്റ് യുണൈറ്റഡ്

സെക്കന്‍ഡ് ഡിവിഷന്‍ പോരാട്ടത്തിനായി ടീം ഈമാസംതന്നെ ബെംഗളൂരുവിലേക്കു പോകും. അശോക് നഗറിലെ ബെംഗളൂരു ഫുട്ബോള്‍ സ്റ്റേഡിയത്തിലാണ് കളികള്‍. ഒക്ടോബര്‍ അഞ്ചിന് കെന്‍കരെ എഫ്.സി. മഹാരാഷ്ട്രയുമായാണ് ആദ്യ പോരാട്ടം.

10 ടീമുകള്‍ മാറ്റുരയ്ക്കുന്ന ലീഗില്‍ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞാണു പ്രാഥമിക പോരാട്ടങ്ങള്‍. രണ്ടു ഗ്രൂപ്പിലെയും ആദ്യ രണ്ടുസ്ഥാനക്കാര്‍ ഫൈനല്‍റൗണ്ടിലേക്കു പ്രവേശിക്കും. ഈ നാലു ടീമുകളും തമ്മിലുള്ള പോരാട്ടത്തില്‍ കൂടുതല്‍ പോയിന്റ് നേടുന്ന ടീമിന് ഐ ലീഗ് ടിക്കറ്റ് ഉറപ്പിക്കാം.

ലീമയെത്തി, ടീം ഉഷാറായി 

രണ്ടു വിദേശതാരങ്ങളെയാണ് യുണൈറ്റെഡ് എഫ്.സി. കൂടെ ചേര്‍ക്കുന്നത്. അതില്‍ ബ്രസീലില്‍നിന്നുള്ള 20 വയസ്സുകാരന്‍ ഗബ്രിയേല്‍ ലീമ ടീമിനൊപ്പം ചേര്‍ന്നു. യുക്രൈന്‍ ഫുട്ബോള്‍ ക്ലബ്ബായ ഷാക്തര്‍ ഡൊണെറ്റസ്‌കില്‍നിന്നാണ് ഈ സെന്‍ട്രല്‍ ബാക്കിന്റെ വരവ്. രണ്ടാമത്തെ വിദേശതാരത്തെ ടീം അനൗണ്‍സ് ചെയ്തിട്ടില്ല.

കൂടാതെ മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ അര്‍ജുന്‍ ജയരാജ്, ഋഷിദത്ത്, ബെംഗളൂരു സൂപ്പര്‍ലീഗില്‍ കളിച്ച അഖില്‍ പ്രവീണ്‍, റിസ്വാന്‍ അലി, പി.കെ. ജെസ്സി, വി. മിഥുന്‍, കെ. സല്‍മാന്‍ തുടങ്ങിയവരും ടീമിനൊപ്പമുണ്ട്. ഗോകുലം കേരള എഫ്.സി.യുടെ മുന്‍ കോച്ച് ബിനോ ജോര്‍ജാണ് പരിശീലകന്‍.

ഇതിനിടയില്‍ ടീം ഏതാനും സൗഹൃദമത്സരങ്ങള്‍ക്കും ഇറങ്ങി. കേരള ബ്ലാസ്റ്റേഴ്സുമായി നടന്ന രണ്ടു കളികളില്‍ സമനിലയും ജയവും സ്വന്തമാക്കി. കേരള പോലീസിനെ (3-2)ന് കീഴടക്കിയ യുണൈറ്റഡ് ഗോകുലം കേരള എഫ്.സി.യോട് (2-0)ത്തിന് തോറ്റു.

Content Highlights: I-League as dream infront of Kerala United FC