ന്യൂഡല്‍ഹി: ഹീറോ ഐ-ലീഗ് 14-ാം സീസണ് 2021 ജനുവരി ഒമ്പതിന് കൊല്‍ക്കത്തയില്‍ തുടക്കമാകും. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) ശനിയാഴ്ച അറിയിച്ചതാണ് ഇക്കാര്യം.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന 11 ടീമുകളിലെയും താരങ്ങളും കോച്ചിങ് സ്റ്റാഫ് അടക്കമുള്ള മറ്റ് അംഗങ്ങളുമെല്ലാം 14 ദിവസം മുമ്പ് ബയോ സെക്യുര്‍ ബബിളില്‍ പ്രവേശിച്ചിരിക്കണമെന്ന നിര്‍ദേശമുണ്ട്. 

ടൂര്‍ണമെന്റ് മത്സരക്രമം വൈകാതെ പുറത്തുവിടും. ഇത്തവണ പുതിയ ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍. ടൂര്‍ണമെന്റിന്റെ ആദ്യ പാദത്തില്‍ 11 ടീമുകളും പരസ്പരം ഏറ്റുമുട്ടും. തുടര്‍ന്ന് ഈ ടീമുകളെ രണ്ട് വ്യത്യസ്ത ഗ്രൂപ്പുകളാക്കി തിരിക്കും.

ആദ്യ ആറ് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ ഒരു ഗ്രൂപ്പിലും അവസാന അഞ്ച് ടീമുകള്‍ മറ്റൊരു ഗ്രൂപ്പിലുമായും ഏറ്റുമുട്ടും. തുടര്‍ന്നാകും വിജയിയെ കണ്ടെത്തുക.

Content Highlights: I-League 2020-21 to start on January 9 says AIFF