ഗുവാഹാട്ടി: ഐ ലീഗ് ഫുട്ബോളില്‍ ചെന്നൈ സിറ്റിയുടെ വിജയക്കുതിപ്പ് തുടരുന്നു. ഐസോള്‍ എഫ്.സി.യെ അവരുടെ തട്ടകത്തില്‍ കീഴടക്കി (1-2) ലീഗില്‍ തുടര്‍ച്ചയായ മൂന്നാം ജയം നേടി. സ്പാനിഷ് മധ്യനിരക്കാരന്‍ സാന്‍ഡ്രോ റോഡ്രിഗസിന്റെ ഇരട്ടഗോളിലാണ് (49, 77) ചെന്നൈ ജയം നേടിയത്. ഐസോളിനായി ലൈബീരിയന്‍ സ്ട്രൈക്കര്‍ അന്‍സുമാനെ ക്രോമ (72) ഒരു ഗോള്‍ മടക്കി.

ജയത്തോടെ അഞ്ചു കളിയില്‍നിന്ന് 13 പോയന്റോടെ ചെന്നൈ ലീഗില്‍ ബഹുദൂരം മുന്നിലെത്തി. മൂന്നു കളിയില്‍ നിന്ന് ആറു പോയന്റുള്ള ഈസ്റ്റ് ബംഗാളാണ് രണ്ടാം സ്ഥാനത്ത്.

ഈസ്റ്റ് ബംഗാളിനെയും ഗോകുലം എഫ്.സി.യെയും തോല്‍പിച്ച ചെന്നൈ അതേ മികവോടെയാണ് മുന്‍ചാമ്പ്യന്‍മാരായ ഐസോളിനെയും മറികടന്നത്. പരിക്കുമൂലം ഗോള്‍വേട്ടക്കാരന്‍ പെഡ്രോ മാന്‍സിയെ കൂടാതെയാണ് ചെന്നൈ കളിക്കാനിറങ്ങിയത്.

Content Highlights: I League 2018 Chennai City vs Aizawl FC