മാഡ്രിഡ്: മികച്ച ഗോളിന് നല്‍കുന്ന ഫിഫയുടെ പുസ്‌കാസ് പുരസ്‌കാരത്തിന് ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലായേക്കാള്‍ താനായിരുന്നു അര്‍ഹനെന്ന് റയല്‍ മാഡ്രിഡിന്റെ വെയില്‍സ് താരം ഗാരെത് ബെയ്ല്‍. 

സലായുടെ ഗോളിന് നല്‍കിയതോടെ പുസ്‌കാസ് പുരസ്‌കാരത്തിന്റെ വിലപോയെന്നും ബെയ്ല്‍ തുറന്നടിച്ചു. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെതിരേ ബെയ്ല്‍ നേടിയ ഓവര്‍ ഹെഡ് കിക്ക് ഗോളും പുരസ്‌കാര പട്ടികയില്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടനെതിരേ മുഹമ്മദ് സലാ നേടിയ ഗോളിനാണ് മികച്ച ഗോളിനുള്ള പുരസ്‌കാരം ലഭിച്ചത്.

സലായുടേത് മികച്ച ഗോള്‍ തന്നെയായിരുന്നു. എങ്കിലും അവാര്‍ഡ് പ്രഖ്യാപനം വന്നപ്പോള്‍ അദ്ഭുതപ്പെട്ടു പോയി. പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ ഫുട്‌ബോള്‍ ആരാധകരും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ബെയ്‌ലിന്റെ ഗോളിനെ കൂടാതെ ചാമ്പ്യന്‍സ് ലീഗില്‍ യുവെന്റസിനെതിരേ റൊണാള്‍ഡോ നേടിയ ബൈസിക്കിള്‍ കിക്ക് ഗോളിനേയും മറികടന്നാണ് സലായ്ക്ക് പുരസ്‌കാരം നല്‍കിയത്.

തന്റെ ഗോള്‍ ഭാഗ്യംകൊണ്ട് നേടിയതാണെന്ന ആരോപണങ്ങളും ബെയ്ല്‍ തള്ളിക്കളഞ്ഞു. മാര്‍സെലോയുടെ ക്രോസ് വരുമ്പോള്‍ താന്‍ കൃത്യമായ പൊസിഷനിലായിരുന്നു. ടൈമിങ്ങും കൃത്യമായിരുന്നു. അത് ഗോളാകുമെന്ന് ഉറപ്പിച്ചുതന്നെയാണ് അത്തരമൊരു കിക്കെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ചാമ്പ്യന്‍സ് ലീഗിലെ മികച്ച ഗോളിനുള്ള പുരസ്‌കാരവും ബെയ്‌ലിന് നഷ്ടമായിരുന്നു. സഹതാരമായിരുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോ യുവെന്റസിനെതിരേ നേടിയ ഗോളിനായിരുന്നു പുരസ്‌കാരം.

Content Highlights: I deserved Puskas award more than Mohamed Salah, Gareth Bale