ദുബായ്: ഒമാനെതിരായ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാമത്സരത്തില്‍ ഇന്ത്യയുടെ പ്രകടനം കണ്ട് പലതവണ കരഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച്. 

2019 സെപ്റ്റംബറില്‍ ഗുവാഹട്ടിയില്‍ വെച്ചുനടന്ന യോഗ്യതാമത്സരത്തിലാണ് ഇന്ത്യ ഒമാനെ നേരിട്ടത്. 24-ാം മിനിട്ടില്‍ സുനില്‍ ഛേത്രിയിലൂടെ ഇന്ത്യയാണ് ആദ്യം ലീഡെടുത്തത്. 82 മിനിട്ട് വരെ ആ ലീഡ് നിലനിര്‍ത്താന്‍ ടീമിന് സാധിച്ചു. പിന്നീട് രണ്ട് ഗോളുകള്‍ വഴങ്ങി ഇന്ത്യ മത്സരത്തില്‍ തോല്‍വി വഴങ്ങി.

'ഒമാനെതിരായ മത്സരം കണ്ട് ഞാന്‍ എത്രയോ തവണ കരഞ്ഞു. ആ മത്സരം അത്രയ്ക്കും നിര്‍ണായകമായിരുന്നു. കഴിഞ്ഞത് കഴിഞ്ഞു. ഇനി പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ ഇനി വരാനിരിക്കുന്ന മത്സരങ്ങളില്‍ എന്റെ കുട്ടികള്‍ നന്നായി കളിക്കും' -സ്റ്റിമാച്ച് പറഞ്ഞു

ഇന്ത്യന്‍ ടീമിനൊപ്പം നിലവില്‍ ദുബായിലാണ് സ്റ്റിമാച്ച്. ലോകകപ്പ് യോഗ്യതാമത്സരത്തിനായാണ് ഇന്ത്യന്‍ സംഘം ദുബായിലെത്തിയത്. നാളെ ഒമാനെയാണ് ഇന്ത്യ നേരിടുക. ശനിയാഴ്ച യു.എ.ഇയ്‌ക്കെതിരേയും ഇന്ത്യ കളിക്കും.

15 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നത്. സുനില്‍ ഛേത്രി ഇത്തവണ ടീമിലില്ല. യുവതാരങ്ങള്‍ക്ക് മുന്‍ഗണന കൊടുത്താണ് ഇത്തവണ സ്റ്റിമാച്ച് ടീമിനെ ഒരുക്കിയിരിക്കുന്നത്.

Content Highlights: I cried after seeing footage of our loss to Oman in World Cup Qualifiers says Stimac