ലിസ്ബൺ: ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്കിനോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ കോച്ച് ക്വിക്കെ സെറ്റിയനെ ബാഴ്സലോണ പുറത്താക്കിയതായി റിപ്പോർട്ട്. പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ രണ്ടിനെതിരേ എട്ടു ഗോളുകൾക്കായിരുന്നു ബാഴ്സയുടെ തോൽവി.

ഇതോടെ ഒരു കിരീടം പോലും നേടാനാകാതെയാണ് ബാഴ്സ ഈ സീസൺ അവസാനിപ്പിക്കുന്നത്. 2008-ന് ശേഷം ആദ്യമായാണ് ബാഴ്സയ്ക്ക് കിരീടമൊന്നും ഇല്ലാതെ സീസൺ അവസാനിപ്പിക്കേണ്ടി വരുന്നത്. ഇതോടെയാണ് ക്ലബ്ബ് സെറ്റിയനെ പുറത്താക്കാൻ തീരുമാനിച്ചതെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മത്സരത്തിനു മുമ്പ് തന്നെ ചില മാറ്റങ്ങൾ തീരുമാനിച്ചിട്ടുണ്ടായിരുന്നുവെന്ന് ക്ലബ്ബ് പ്രസിഡന്റ് ജോസപ് മരിയ ബർതോമ്യു പ്രതികരിച്ചു. ക്ലബ്ബിന്റെ ദയനീയ തോൽവിക്ക് ആരാധകരോട് അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തു.

നേരത്തെ ലാ ലിഗ കിരീടം നഷ്ടമായതിനു പിന്നാലെ കോച്ചിനെതിരേ വിമർശനവുമായി ക്യാപ്റ്റൻ ലയണൽ മെസ്സി തന്നെ രംഗത്തെത്തിയിരുന്നു. പരിശീലകനെ മാറ്റണമെന്നുള്ള ആവശ്യവും ഉയർന്നിരുന്നു. ബാഴ്സ മാനേജ്മെന്റ് ഇനിയും പഠിച്ചില്ലെങ്കിൽ ചാമ്പ്യൻസ് ലീഗിലും വലിയ പ്രതീക്ഷ വെക്കേണ്ടെന്ന തരത്തിൽ വരെ മെസ്സി പ്രതികരിച്ചിരുന്നു.

മുൻ പരിശീലകൻ ഏണസ്റ്റോ വാൽവെർദെയെ പുറത്താക്കിയ ശേഷം ഈ വർഷം ജനുവരിയിലാണ് സെറ്റിയൻ ബാഴ്സയുടെ പരിശീലക സ്ഥാനത്തെത്തുന്നത്. സെറ്റിയന് കീഴിൽ ഈ സീസണിൽ 25 മത്സരങ്ങളാണ് ബാഴ്സ കളിച്ചത്. 16 എണ്ണത്തിൽ ജയിച്ചപ്പോൾ അഞ്ചിൽ തോറ്റു. നാലു മത്സരങ്ങൾ സമനിലയിലായി.

ഒരു കാലത്ത് ടിക്ക് ടാക്കയും സുന്ദര ഫുട്ബോളുമായി കളംനിറഞ്ഞ ബാഴ്സയെ ലിസ്ബണിൽ ബയേൺ അക്ഷരാർഥത്തിൽ നാണംകെടുത്തുകയായിരുന്നു. 1946-ന് ശേഷം ഇതാദ്യമാണ് ബാഴ്സ ഒരു മത്സരത്തിൽ എട്ടു ഗോളുകൾ വഴങ്ങി തോൽക്കുന്നത്. 1951 ഏപ്രിലിന് ശേഷം ബാഴ്സ ആറു ഗോൾ വ്യത്യാസത്തിൽ തോൽക്കുന്നതും ഇതാദ്യമായാണ്.

Content Highlights: Humiliating UCL defeat against Bayern Munich barcelona Sack Coach Quique Setien report