മാഞ്ചെസ്റ്റര്‍: പ്രീമിയര്‍ ലീഗിലെ നാലാം മത്സരത്തില്‍ ബ്രൈറ്റണെ എതിരില്ലാത്ത നാലു ഗോളിന് തകര്‍ത്ത് മാഞ്ചെസ്റ്റര്‍ സിറ്റി താല്‍ക്കാലികമായി പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി.

സെര്‍ജിയോ അഗ്യൂറോ രണ്ടു ഗോളുകള്‍ നേടി. മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ കെവിന്‍ ഡിബ്രൂയിനിലൂടെ സിറ്റി മുന്നിലെത്തി. ഡേവിഡ് സില്‍വയുടെ ക്രോസില്‍ നിന്നായിരുന്നു ഡിബ്രൂയിനിന്റെ ഗോള്‍. 43-ാം മിനിറ്റില്‍ അഗ്യൂറോ ചെല്‍സിയുടെ ലീഡുയര്‍ത്തി. 55-ാം മിനിറ്റിലും അഗ്യൂറോ സ്‌കോര്‍ ചെയ്തു. പകരക്കാരനായി ഇറങ്ങിയ ബെര്‍ണാര്‍ഡോ സില്‍വ സിറ്റിയുടെ ഗോള്‍ പട്ടിക തികച്ചു.

huge win for manchester city, draw for chelsea

ചെല്‍സിക്ക് വീണ്ടും സമനില

ലണ്ടന്‍: മറ്റൊരു മത്സരത്തില്‍ ഷെഫീല്‍ഡ് യുണൈറ്റ് ചെല്‍സിയെ സമനിലയില്‍ തളച്ചു. ഷെഫീല്‍ഡ് യുണൈറ്റഡിനെതിരേ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ രണ്ടു ഗോളിന്റെ ലീഡ് നേടിയ ശേഷം ചെല്‍സി രണ്ടു ഗോള്‍ വഴങ്ങുകയായിരുന്നു. ഈ സീസണില്‍ ചെല്‍സിയുടെ രണ്ടാം സമനിലയാണിത്. സ്റ്റാംഫോഡ് ബ്രിഡ്ജില്‍ ആദ്യ ജയത്തിനായി ലംപാര്‍ഡിന് ഇനിയും കാത്തിരിക്കണം.

ടാമ്മി എബ്രഹാമാണ് ചെല്‍സിയുടെ രണ്ടു ഗോളുകളും നേടിയത്. 19-ാം മിനിറ്റില്‍ ഷെഫീല്‍ഡ് ഗോളിയുടെ പിഴവ് മുതലെടുത്താണ് ടാമ്മി ചെല്‍സിയെ മുന്നിലെത്തിച്ചത്. 43-ാം മിനിറ്റില്‍ ടാമ്മി ചെല്‍സിയുടെ ലീഡുയര്‍ത്തി.

രണ്ടാം പകുതിയില്‍ ഗോള്‍ വഴങ്ങുന്ന ശീലം ചെല്‍സി പിന്നെയും ആവര്‍ത്തിച്ചു. രണ്ടാം പകുതി തുടങ്ങി ആദ്യ മിനിറ്റില്‍ (46) തന്നെ സ്റ്റീവെന്‍സിന്റെ പാസില്‍ നിന്ന് കല്ലം റോബിന്‍സനാണ് ഷെഫീല്‍ഡിനായി വലകുലുക്കിയത്. 89-ാം മിനിറ്റില്‍ ചെല്‍സി ഡിഫന്‍ഡര്‍ കേര്‍ട്ട് സൗമയുടെ സെല്‍ഫ് ഗോള്‍ ചെല്‍സിക്ക് തിരിച്ചടിയായി. 

നാലു മത്സരങ്ങളില്‍ നിന്ന് അഞ്ചു പോയന്റുമായി ചെല്‍സി ഒമ്പതാം സ്ഥാനത്താണ്.

Content Highlights: huge win for manchester city, draw for chelsea