Photo: AP
ലണ്ടന്‍: ഇംഗ്ലീഷ് ഫുട്ബോള്‍ ലീഗ് കപ്പില്‍ (കറബാവോ കപ്പ്) കരുത്തരായ മാഞ്ചെസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ എന്നീ ടീമുകള്‍ നാലാം റൗണ്ടില്‍ കടന്നപ്പോള്‍ എവര്ട്ടണ് മൂന്നാം റൗണ്ടില്‍ തോറ്റ് പുറത്തായി.
സിറ്റി താരതമ്യേന ദുര്‍ബലരായ വൈകോംബിയെ ഒന്നിനെതിരേ ആറുഗോളുകള്‍ക്ക് തകര്‍ത്തു. ബ്രാന്‍ഡണ്‍ ഹാന്ലാനിലൂടെ വൈകോംബാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ പിന്നീട് ഗോള്‍മഴ തീര്‍ത്ത് ഗാര്‍ഡിയോളയും സംഘവും നാലാം റൗണ്ടിലേക്ക് പ്രവേശിച്ചു. സിറ്റിയ്ക്കായി റിയാദ് മെഹ്റെസ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ കെവിന് ഡിബ്രുയിനെ, ഫില്‍ ഫോഡന്, ഫെറാന്‍ ടോറസ്, കോള്‍ പാല്‍മര്‍ എന്നിവരും ലക്ഷ്യം കണ്ടു.
ലിവര്‍പൂള്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് നോര്‍വിച്ച് സിറ്റിയെ പരാജയപ്പെടുത്തി. താകുമി മിനാമിനോ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഡിവോക്ക് ഒറിഗിയും സ്കോര്‍ ചെയ്തു.
പെനാല്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ എവര്‍ട്ടണിനെ ക്യു.പി.ആറാണ് അട്ടിമറിച്ചത്. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 2-2 എന്ന സ്കോറിന് സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍ട്ടിയിലേക്ക് നീങ്ങിയത്. ക്യു.പി.ആറിന് വേണ്ടി ചാര്‍ലി ഓസ്റ്റിന്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ലൂക്കാസ് ഡിഗ്നെ, അന്ഡ്രോസ് ടൗണ്‍സെന്റ് എന്നിവര്‍ എവര്‍ട്ടണിന് വേണ്ടി സ്കോര്‍ ചെയ്തു. ഷൂട്ടൗട്ടില്‍ ക്യു.പി.ആര് 8-7 ന് വിജയിച്ചു.
ബ്രെന്റ്ഫോര്‍ഡ്, സതാംപ്ടണ്, പ്രെസ്റ്റണ്, ബേണ്‍ലി, സണ്ടര്‍ലന്‍ഡ്, ലീഡ്സ് യുണൈറ്റഡ്, സ്റ്റോക്ക് സിറ്റി എന്നീ ടീമുകളും നാലാം റൗണ്ടിലേക്ക് പ്രവേശിച്ചു.
ഇന്ന് കരുത്തരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, ടോട്ടനം, ആഴ്സനല്‍, ചെല്‍സി, ലെസ്റ്റര്‍ സിറ്റി എന്നീ ടീമുകള്‍ക്ക് മത്സരമുണ്ട്.
Content Highlights: Holders Manchester City hit six, Liverpool cruise 3-0 in English League Cup
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..