
ഗുവാഹത്തി: ഒരുനാള്‍ ഇംഗ്ലണ്ടില്‍ പോയി പന്തു തട്ടുന്നത് സ്വപ്‌നം കാണാത്ത മിസോ ഫുട്‌ബോള്‍ താരങ്ങളുണ്ടാവില്ല. എന്നാല്‍, ഇംഗ്ലണ്ടില്‍ ഫുട്‌ബോള്‍ കളിക്കുമ്പോഴും ഇംഗ്ലീഷുകാരനായ ഹെര്‍ബര്‍ട്ട് വിന്‍സ്റ്റണ്‍ വോഗന്റെ മനസില്‍ മിസോറാമായിരുന്നു. മരിച്ചാല്‍ മിസോ മണ്ണില്‍ ലയിച്ചുചേരണമെന്നായിരുന്നു അന്ത്യാഭിലാഷം. ഹെര്‍ബര്‍ട്ട് മരിച്ച് പത്ത് മാസത്തിനുശേഷം വീട്ടുകാര്‍ പതിനായിരത്തോളം കിലോമീറ്റര്‍ സഞ്ചരിച്ച് മിസോറാമിലെത്തി. ഐസ്വാളില്‍ പണ്ട് ഹെര്‍ബര്‍ട്ട് കളിച്ചുനടന്ന ലാമ്വല്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ ഭാര്യ ചിതാഭസ്മം വിതറി.

ഫോട്ടോ കടപ്പാട്: ഹിന്ദുസ്ഥാൻ ടൈംസ്
ബ്രിട്ടീഷ് ആര്‍മി മെഡിക്കല്‍ കോര്‍പ്‌സില്‍ സൈനികനായിരുന്ന ഹെര്‍ബര്‍ട്ട് 1944ലാണ് ഐസ്വാളില്‍ സേവനം അനുഷ്ഠിച്ചത്. മികച്ച ഫുട്‌ബോള്‍ താരമായിരുന്നു. മിലിട്ടറി ടീമിന്റെ വിശ്വസ്തനായ ഗോള്‍കീപ്പര്‍. നാട്ടിലെ പ്രമുഖ ടീമുകള്‍ക്കു വേണ്ടിയെല്ലാം കളിച്ചു. ഐസ്വാളിലെ അസം റൈഫിള്‍സ് ഗ്രൗണ്ടിലായിരുന്നു ജംബോ എന്ന് അന്ന് നാട്ടുകാര്‍ ആരാധനയോടെ വിളിച്ചിരുന്ന ഹെര്‍ബര്‍ട്ട് കളിച്ചിരുന്നത്.

ഒരു പഴയ ചിത്രം
അടുത്ത വര്‍ഷം ബ്രിട്ടീഷ് സൈന്യം ഇന്ത്യ വിട്ടെങ്കിലും മിസോറാമുകാരിയായ റൊണാംലോവിയെ വിവാഹം കഴിച്ച ഹെര്‍ബര്‍ട്ട് കുടുംബത്തോടൊപ്പം മിസോറാമില്‍ തന്നെ താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് ബ്രിട്ടീഷ് സൈന്യം വിട്ട് ബര്‍മ ഓയിലില്‍ ജോലിക്ക് ചേര്‍ന്നു. മിസോറാമില്‍ തന്നെ കളിയും തുടര്‍ന്നു. ഐസ്വാള്‍ ഇലവന്റെ ഗോള്‍കീപ്പറായിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോളികള്‍ക്ക് പറന്നു പന്ത് പിടിക്കുന്ന വിദ്യ പകര്‍ന്നു കൊടുത്തത് ഹെര്‍ബര്‍ട്ടാണെന്ന് കരുതുന്നവര്‍ ഏറെയാണ് മിസോറാമില്‍.
1963ലാണ് കുടുംബത്തോടൊപ്പം ഇന്ത്യ വിട്ട് ജന്മനാടായ ഷെഫീല്‍ഡിലേയ്ക്ക് ചേക്കേറിയത്. പിന്നീട് പൂര്‍ണമായും ഷെഫീല്‍ഡുകാരനായി മാറിയെങ്കിലും ഹെര്‍ബര്‍ട്ടിന്റെ മനസ്സ് മുഴുവന്‍ മിസോറാമും അവിടുത്തെ ഫുട്‌ബോള്‍ കളിയുമൊക്കെയായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് മിസോറാം ആദ്യമായി സന്തോഷ് ട്രോഫി നേടി ചരിത്രം കുറിച്ചപ്പോള്‍ ആദ്യം അഭിനന്ദം ചൊരിഞ്ഞവരില്‍ ഒരാള്‍ ഈ ബ്രിട്ടീഷുകാരനായിരുന്നു.
പിന്നീട് പത്ത് മക്കളും ഇരുപത്തിമൂന്ന് കൊച്ചുമക്കളുമൊക്കെയായി താമസിച്ചുവന്ന ഹെര്‍ബര്‍ട്ട് ഈ വര്‍ഷം ജനവരി പത്തൊന്‍പതിനാണ് അന്ത്യശ്വാസം വലിച്ചത്. മരിക്കുമ്പോള്‍ എണ്‍പത്തിയൊന്‍പത് വയസ്സായിരുന്നു. മരിക്കുന്നത് മുന്‍പ് ഭാര്യ റോക്കംലോവിയോട് ഒരു ആഗ്രഹമേ പറഞ്ഞുള്ളൂ ഹെര്‍ബര്‍ട്ട്. മരിച്ചാല്‍ ചിതാഭസ്മം താന്‍ കളിച്ചുവളര്‍ന്ന ഐസ്വാള്‍ റൈഫിള്‍സ് ഗ്രൗണ്ടില്‍ വിതറണം.
ഭാര്യയും മറ്റ് കുടുംബാംഗങ്ങളും പത്ത് മാസം കാത്തിരുന്നശേഷം കഴിഞ്ഞ ദിവസം ഐസ്വാളിലെത്തി ഹെര്‍ബര്‍ട്ടിന്റെ അന്ത്യാഭിലാഷം നിറവേറ്റി. തൊണ്ണൂറ്റിയഞ്ച് വയസ്സിലെത്തിയ ഭാര്യ റോക്കംലോവി വിറയ്ക്കുന്ന കൈകള്‍ കൊണ്ടാണ് ഭര്‍ത്താവിന്റെ ഭൗതികശേഷിപ്പ് മൈതാനത്തെ പച്ചപ്പുല്‍ മൈതാനത് വിതറിയത്.
ഇരുപത്തിയഞ്ചു കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഭാര്യ എത്തിയത്. ചിതാഭസ്മം വിതറിയശേഷം മണിപ്പൂര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളുംമായി ഫുട്‌ബോള്‍ കളിച്ചശേഷമാണ് കുടുംബാംഗങ്ങള്‍ തിരിച്ചുപോയത്. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനിലയിലായ മത്സരശേഷം കുടുംബാംഗങ്ങള്‍ ഗോള്‍പോസ്റ്റിന് സമീപത്തും വിതറി ഏറെക്കാലം അവിടെ കാവല്‍ നിന്ന ഹെര്‍ബര്‍ട്ടിന്റെ ചിതാഭസ്മം. ഇംഗ്ലീഷ് പ്രീമിയര്‍ലീഗിന്റെ രണ്ടാം ഡിവിഷനായ ലീഗ് വണ്ണിലെ ടീമായ ഷെഫീല്‍ഡ് യുണൈറ്റഡിന്റെ കടുത്ത ആരാധകനായിരുന്ന ഹെര്‍ബര്‍ട്ടിനോടുള്ള ആദരസൂചകമായി ക്ലബ് പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചിരുന്നു.