മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവെന്റസിന് സമനില. 

രണ്ടു ഗോളിന് മുന്നിലെത്തിയ ശേഷമാണ് യുവെ സമനില വഴങ്ങിയത്. 90-ാം മിനിറ്റില്‍ ഹെക്ടര്‍ ഹെരേരയുടെ ഹോഡര്‍ ഗോളിലാണ് അത്‌ലറ്റിക്കോ സമനിലയുമായി രക്ഷപ്പെട്ടത്.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് ഗോളുകളെല്ലാം പിറന്നത്. 48-ാം മിനിറ്റില്‍ ഗോണ്‍സാലോ ഹിഗ്വെയ്‌ന്റെ പാസില്‍ നിന്ന് യുവാന്‍ ക്വാഡ്രാഡോ യുവെന്റസിനെ മുന്നിലെത്തിച്ചു. 65-ാം മിനിറ്റില്‍ ബ്ലെയ്‌സ് മറ്റിയുഡിയിലൂടെ യുവെ ലീഡുയര്‍ത്തി.

ഇതോടെ ഉണര്‍ന്നു കളിച്ച അത്‌ലറ്റിക്കോ 70-ാം മിനിറ്റില്‍ തിരിച്ചടിച്ചു. സ്‌റ്റെഫാന്‍ സാവിച്ചാണ് ഗോള്‍ നേടിയത്. ഇതിനിടെ ഗോള്‍ കീപ്പര്‍ ഒബ്ലാക്കിന്റെ ഇരട്ട സേവുകളും അത്‌ലറ്റിക്കോയുടെ രക്ഷയ്‌ക്കെത്തി. യുവെ വിജയവുമായി മടങ്ങുമെന്ന ഘട്ടത്തില്‍ 76-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഹെരേര 90-ാം മിനിറ്റില്‍ കോര്‍ണറില്‍ തലവെച്ച് അത്‌ലറ്റിക്കോയ്ക്ക് സമനില നേടിക്കൊടുത്തു.

Content Highlights: Hector Herrera scores late equalizer for Atlético draw against Juventus