ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ക്ലബ്ബ് ഹൈദരാബാദ് എഫ്.സി ശമ്പളം  നല്‍കിയില്ലെന്നു കാണിച്ച് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് പരിശീലകന്റെയും കളിക്കാരുടെയും പരാതി.

അവസാന മൂന്നുമാസത്തെ ശമ്പളം ഇതുവരെ നല്‍കിയില്ലെന്ന് കാണിച്ച് വിദേശ താരങ്ങളടക്കം ചിലരും മുഴുവന്‍ പ്രതിഫലം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍ പരിശീലകന്‍ ഫില്‍ ബ്രൗണുമാണ് എ.ഐ.എഫ്.എഫിന് പരാതി നല്‍കിയത്.

''രണ്ടോ മൂന്നോ മാസം വൈകിയാണ് ഹൈദരാബാദ് എഫ്.സിയില്‍ നിന്ന് പ്രതിഫലം ലഭിക്കാറ്. പുതിയ ഫ്രാഞ്ചൈസിയായതിനാല്‍ അത് മനസിലാക്കാം. പറഞ്ഞ അവധികളെല്ലാം കഴിഞ്ഞു. അവയെല്ലാം ഓരോ നുണകള്‍ പറഞ്ഞ് നീട്ടുകയായിരുന്നു. ഇപ്പോഴിതാ കൊറോണ വൈറസ് വ്യാപനം കാരണം പണം അടയ്ക്കാന്‍ സാധിക്കുന്നില്ലെന്നാണ് പറയുന്നത്. ബാങ്കുകള്‍ തുറന്നിരിക്കുന്നതും സാധാരണപോലെ പ്രവര്‍ത്തിക്കുന്ന വിവരവും ഞങ്ങള്‍ക്കറിയാം''- ഹൈദരാബാദിന്റെ വിദേശ താരങ്ങളിലൊരാള്‍ പറഞ്ഞു.

ഇതു സംബന്ധിച്ച് ഫില്‍ ബ്രൗണിന്റെയും കളിക്കാരുടെയും കത്ത് ലഭിച്ചെന്ന് എ.ഐ.എഫ്.എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് വ്യക്തമാക്കി. ക്ലബ്ബുമായി ബന്ധപ്പെട്ടപ്പോള്‍ കൂടുതല്‍ സമയം ചോദിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രശ്‌നത്തിന് ക്ലബ്ബിന്റെ ഭാഗത്തു നിന്ന് പരിഹാരമുണ്ടായില്ലെങ്കില്‍ ബാക്കി നടപടികളിലേക്ക് കടക്കുമെന്നും കുശാല്‍ ദാസ് വ്യക്തമാക്കി.

ജനുവരി 10-ന് ചെന്നൈയിന്‍ എഫ്.സിയോട് 1-3ന് പരാജയപ്പെട്ടതിന് പിന്നാലെ ഫില്‍ ബ്രൗണിനെ മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. മേയ് വരെയുള്ള പ്രതിഫലം ഇദ്ദേഹത്തിന് കൊടുക്കാനുണ്ട്.

Content Highlights: haven’t been paid in 2020 Hyderabad FC players, former coach Brown