ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിൽ നിലവിലെ ഒന്നാം സ്ഥാനക്കാരും ചാമ്പ്യന്‍മാരുമായ ലിവര്‍പൂളിന് ഞെട്ടിക്കുന്ന തോല്‍വി. സതാംപ്ടണാണ് ലിവര്‍പൂളിനെ കീഴടക്കിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് സതാംപ്ടണിന്റെ ജയം. 

കളി തുടങ്ങി രണ്ടാം മിനിട്ടില്‍തന്നെ ഡാനി ഇങ്‌സാണ് ടീമിനായി വിജയഗോള്‍ നേടിയത്. ഫ്രീകിക്കിന്റെ ഭാഗമായാണ് ഗോള്‍ പിറന്നത്. സതാംപ്ടണിന്റെ ഫ്രീകിക്ക് രാജാവ് ജെയിംസ് വാര്‍ഡ് പ്രൗസ് പതിവിനുവിപരീതമായി കിക്ക് ഒരു പാസ്സായി ഇങ്‌സിന് നല്‍കി. പന്ത് സ്വീകരിച്ച താരം മനോഹരമായി അത് വലയിലെത്തിച്ച് ടീമിന് നിര്‍ണായക ലീഡും വിജയവും സമ്മാനിച്ചു.

ഈ വിജയത്തോടെ സതാംപ്ടണ്‍ 17 കളികളില്‍ നിന്നും 29 പോയന്റുകളുമായി ആറാം സ്ഥാനത്തെത്തി. തോറ്റെങ്കിലും 17 മത്സരങ്ങളില്‍ നിന്നും 33 പോയന്റുള്ള ലിവര്‍പൂള്‍ തന്നെയാണ് ലീഗില്‍ ഒന്നാമത്. ഒരു മത്സരം കുറച്ചുകളിച്ച് 33 പോയന്റുകള്‍ നേടിയ മാഞ്ചെസ്റ്റര്‍ യുണൈറ്റഡാണ് രണ്ടാമത്. നാളെ ബേണ്‍ലിയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ചാല്‍ യുണൈറ്റഡ് ലീഗില്‍ ഒന്നാമതെത്തും. 

ലിവര്‍പൂളിന്റെ മുന്നേറ്റ ത്രയങ്ങളായ സാദിയോ മാനെയും മുഹമ്മദ് സലയും റോബര്‍ട്ടോ ഫിര്‍മിനോയുമെല്ലാം കിണഞ്ഞുശ്രമിച്ചിട്ടും സതാംപ്ടണിന്റെ ഗോള്‍വല ചലിപ്പിക്കാനായില്ല. മത്സരത്തിനുശേഷം സതാംപ്ടണിന്റെ പരിശീലകന്‍ റാള്‍ഫ് ഹസെന്‍ഹട്ടി സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞത് ആരാധകരുടെ മനം കവര്‍ന്നു. അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് സതാംപ്ടണ്‍ ലിവര്‍പൂളിനെതിരെ ഒരു വിജയം സ്വന്തമാക്കുന്നത്. 

Content Highlights: Hasenhuttl cries tears of joy as Southampton beat Klopp’s Liverpool