ലണ്ടന്‍: 2022 ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ പോളണ്ടിനെ കീഴടക്കി ഇംഗ്ലണ്ട്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. കളിയവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കേ ഹാരി മഗ്വയര്‍ നേടിയ ഗോളിന്റെ ബലത്തിലാണ് ഇംഗ്ലണ്ട് വിജയത്തിലെത്തിയത്.

19-ാം മിനിട്ടില്‍ നായകന്‍ ഹാരി കെയ്‌നിലൂടെ ഇംഗ്ലണ്ട് മത്സരത്തില്‍ ലീഡെടുത്തു. റഹിം സ്‌റ്റെര്‍ലിങ്ങിനെ ബോക്‌സിനകത്തുവെച്ച് വീഴ്ത്തിയതിനാണ് ഇംഗ്ലണ്ടിനനുകൂലമായി പെനാല്‍ട്ടി വിധിച്ചത്. കിക്കെടുത്ത കെയ്ന്‍ പന്ത് അനായാസം വലയിലെത്തിച്ചു. ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് 1-0 ന് മുന്നിലെത്തി.

രണ്ടാം പകുതിയില്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് പോളണ്ട് 58-ാം മിനിട്ടില്‍ സമനില ഗോള്‍ നേടി. യാക്കൂബ് മോഡറാണ് ടീമിനായി സ്‌കോര്‍ ചെയ്തത്. കളി സമനിലയിലേക്ക് നീങ്ങവേ 85-ാം മിനിട്ടില്‍ ഒരു തകര്‍പ്പന്‍ ഗോളിലൂടെ ഹാരി മഗ്വയര്‍ ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചു.

ബോക്‌സിന് വെളിയില്‍ നിന്നും മഗ്വയര്‍ എടുത്ത ലോങ്‌റേഞ്ചര്‍ വലതുളച്ചുകയറി. ഈ വിജയത്തോടെ ഗ്രൂപ്പ് ഐയില്‍ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത് തുടരുന്നു. മൂന്നു മത്സരങ്ങളില്‍ മൂന്നിലും ടീം വിജയിച്ചു. നേരത്തേ സാന്‍ മരിനോയെയും അല്‍ബേനിയയെയും ഇംഗ്ലണ്ട് കീഴടക്കിയിരുന്നു.

Content Highlights: Harry Maguire strikes late as England see off Poland to keep perfect record