ലണ്ടന്‍: ടോട്ടനം ഹോട്‌സ്പറിന്റെ ഗോളടിയന്ത്രവും ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന്റെ നായകനുമായ ഹാരി കെയ്ന്‍ ഈ സീസണോടെ ക്ലബ്ബുമായുള്ള കരാര്‍ അവസാനിപ്പിച്ചേക്കും. ടോട്ടനത്തില്‍ തുടരാന്‍ താരത്തിന് താത്പര്യമില്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

കഴിഞ്ഞ 12 വര്‍ഷങ്ങളായി ടോട്ടനത്തില്‍ കളിക്കുന്ന താരം ജൂണ്‍ 11 ആരംഭിക്കുന്ന യൂറോ കപ്പിന് മുന്‍പായി പുതിയ ക്ലബ്ബിലേക്ക് ചേക്കേറിയേക്കും. 

കെയ്ന്‍ ക്ലബ്ബ് വിടുന്നതോടെ താരത്തെ തേടി മൂന്ന് വമ്പന്‍ ഇംഗ്ലീഷ് ക്ലബ്ബുകളാണ് രംഗത്തെത്തിയിരിക്കുന്നത്. മാഞ്ചെസ്റ്റര്‍ സിറ്റി, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി എന്നീ ടീമുകള്‍ 27 കാരനായ കെയ്‌നിനുവേണ്ടി വല വീശിക്കഴിഞ്ഞു. അതുപോലെ പി.എസ്.ജിയും റയല്‍ മഡ്രിഡും താരത്തിനായി മുന്നില്‍ തന്നെയുണ്ട്. പ്രീമിയര്‍ ലീഗില്‍ തന്നെ തുടരാനാണ് താരം ആഗ്രഹിക്കുന്നത്.

ടോട്ടനത്തിന്റെ യൂത്ത് ക്ലബ്ബിലൂടെ ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ച കെയ്ന്‍ 334 മത്സരങ്ങളില്‍ നിന്നുമായി ടോട്ടനത്തിന് വേണ്ടി 220 ഗോളുകള്‍ നേടിക്കഴിഞ്ഞു. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ഫോര്‍വേഡുകളിലൊരാളാണ് കെയ്ന്‍. ഈ സീസണില്‍ ടോട്ടനത്തിനായി 22 ഗോളുകള്‍ നേടി ലീഗില്‍ കൂടുതല്‍ ഗോളടിച്ചവരുടെ പട്ടികയില്‍ താരം മുന്നിലാണ്. 

നിലവില്‍ നാഥനില്ലാ കളരിയായ ടോട്ടനത്തെ നയിക്കുന്നത് താത്കാലിക പരിശീലകനായ റയാന്‍ മേസണാണ്. പ്രീമിയര്‍ ലീഗിലെ അവസാന രണ്ട് മത്സരങ്ങള്‍ വിജയിച്ചാല്‍ ടീമിന് യൂറോപ്പ ലീഗിന് യോഗ്യത നേടാനാകും. ഒരു ഘട്ടത്തില്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായിരുന്ന ടോട്ടനം നിലവില്‍ 36 മത്സരങ്ങളില്‍ നിന്നും 59 പോയന്റുകള്‍ നേടി ആറാം സ്ഥാനത്താണ്. 

Content Highlights: Harry Kane wants to leave Spurs with three years to go in current contract