റോം/ ലണ്ടൻ: ഇറ്റാലിയൻ ലീഗിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടി യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാൾഡോ. 29 ഗോളുകളാണ് പോർച്ചുഗീസ് താരം നേടിയത്. ഇതോടെ യൂറോപ്പിലെ ഏറ്റവും മികച്ച അഞ്ചു ലീഗുകളിൽ മൂന്നിലും ടോപ് സ്കോറർ ആകുന്ന ആദ്യ താരമായും ക്രിസ്റ്റ്യാനോ മാറി. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഇംഗ്ലീഷ് പ്രീമിയർ ലീഗിലും റയൽ മാഡ്രിഡിനൊപ്പം ലാ ലിഗയിലും ക്രിസ്റ്റ്യാനോ ടോപ് സ്കോറർ ആയിരുന്നു.

കഴിഞ്ഞ രണ്ടു സീസണുകളിലും യുവന്റസിനൊപ്പം കളിച്ചെങ്കിലും ടോപ് സ്കോറർ ആകാൻ പോർച്ചുഗീസ് താരത്തിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഇത്തവണ ക്രിസ്റ്റ്യാനോ ആ നേട്ടം സ്വന്തമാക്കി. 23 ഗോളുകളുള്ള ലുകാകു ആണ് രണ്ടാം സ്ഥാനത്തുള്ളത്. 2007-2008 സീസണിൽ ഡെൽ പിയേറൊക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ യുവന്റസ് താരമാണ് ക്രിസ്റ്റ്യാനോ.

അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ടും ഏറ്റവും കൂടുതൽ അസിസ്റ്റും ടോട്ടനം ഹോട്സ്പർ താരം ഹാരി കെയ്ൻ സ്വന്തമാക്കി. ലെസ്റ്റർ സിറ്റിക്കെതിരായ ഗോളാണ് കെയ്നിന് ഗോൾഡൻ ബൂട്ട് സമ്മാനിച്ചത്. 23 ഗോളുകൾ നേടിയ കെയ്നിന്റെ മൂന്നാം ഗോൾഡൻ ബൂട്ടാണിത്. 22 ഗോളുകൾ അടിച്ച് ലിവർപൂൾ താരം മൊ സലാ രണ്ടാമതെത്തി. 2015-16, 2016-17 സീസണുകളിലായിരുന്നു ഇതിന് മുമ്പ് കെയ്ൻ ഗോൾഡൻ ബൂട്ട് നേടിയത്. ഒപ്പം 14 അസിസ്റ്റുകളും കെയ്ൻ നേടി.

Content Highlights: Harry Kane Cristiano Ronaldo EPL Italian League Football