റോം: റയലിലും മാഞ്ചസ്റ്ററിലും തുടര്‍ന്നുപോന്ന ഗോളടി ഫോം സൂപ്പര്‍താരം ക്രിസ്റ്റ്യാനോയ്ക്ക് ഇറ്റലിയില്‍ തുടരാന്‍ സാധിക്കുമോ എന്ന കാര്യം സംശയമാണെന്ന് മുന്‍ സ്പാനിഷ് താരം റൗള്‍ ആല്‍ബിയോള്‍.

സ്‌പെയിനിലെ പോലെ ഇറ്റലിയില്‍ ഒരു സീസണില്‍ 40 ഗോളടിക്കാന്‍ റൊണാള്‍ഡോയ്ക്ക് സാധിക്കില്ലെന്നാണ് മുന്‍ റയല്‍ താരവും നാപോളിയുടെ പ്രതിരോധ താരവുമായ റൗള്‍ ആല്‍ബിയോളിന്റെ അഭിപ്രായം. ഇംഗ്ലണ്ടില്‍ നിന്നും സ്‌പെയിനില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഇറ്റലിയിലെ അവസ്ഥയെന്ന് ചൂണ്ടിക്കാട്ടിയാണ് റൗള്‍ ഇക്കാര്യം പറഞ്ഞത്. 

സ്പാനിഷ് ലീഗില്‍ ആദ്യ സീസണിലൊഴികെ ബാക്കി ഓരോന്നിലും റൊണാള്‍ഡോ ചുരുങ്ങിയത് 40 ഗോളുകളെങ്കിലും അടിച്ചുകൂട്ടിയിട്ടുണ്ട്. എന്നാല്‍ ഇറ്റലിയില്‍ 40 ഗോളുകള്‍ കണ്ടെത്തുകയെന്നത് റൊണാള്‍ഡോയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായിരിക്കും, റൗള്‍ ചൂണ്ടിക്കാട്ടി. 

റൊണാള്‍ഡോയുടെ വരവ് ഇറ്റാലിയന്‍ ഫുട്‌ബോളിന് ലോകത്ത്‌ സ്വീകാര്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യുവെന്റസിനായി ഈ സീസണില്‍ മൂന്നു മത്സരങ്ങള്‍ കളിച്ചിട്ടും ഇതുവരെ ലീഗില്‍ ഒരു ഗോള്‍ നേടാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചിട്ടില്ല.

Content Highlights: harder ronaldo score serie a goals albiol