ഷൂട്ട് എന്ന് കേട്ടാൽ ഒരുവിധപ്പെട്ട ഗോൾകീപ്പർമാരുടെയെല്ലാം മുട്ടിടിക്കും. എന്നാൽ, ഹാന്‍സ് ഹാല്‍ഡോര്‍സണ്‍ എന്ന ഐസ്‌ലന്‍ഡിന്റെ ഗോളിക്ക് ഷൂട്ടിങ് ഒരു ഹരമാണ്. കളിയിലെ ഷൂട്ടല്ല, സിനിമാ ഷൂട്ടിങ്. സിനിമ പിടിക്കുന്ന കാര്യം വന്നാൽ വേണമെങ്കിൽ കളി ഉപേക്ഷിച്ച് പോകാൻ വരെ തയ്യാറാണ് ഹാല്‍ഡോര്‍സണ്‍. നാട്ടിൽ അറിയപ്പെടുന്ന സിനിമാ സംവിധായകനാണ് ഒരു ത്രില്ലർ സിനിമയെ വെല്ലുന്ന വിധം  ഐസ്‌ലന്‍ഡിനെ യൂറോകപ്പിന്റെ ക്വാർട്ടർഫൈനലിൽ എത്തിച്ച് ചരിത്രം കുറിച്ച ഈ ഗോൾകീപ്പിങ് ഹീറോ.

യൂറോപ്യന്‍ ബ്രോഡ്കാസ്റ്റിങ് യൂണിയന്റെ കീഴിലുള്ള രാജ്യങ്ങള്‍ പങ്കെടുക്കുന്ന യൂറോവിഷന്‍ സോങ് മത്സരത്തിന്റെ ഫൈനല്‍ വരെയത്തിയിട്ടുണ്ട് ഹാല്‍ഡോര്‍സണ്‍ സംവിധാനം ചെയ്ത നെവര്‍ ഫൊര്‍ഗെറ്റ്‌ എന്ന ആല്‍ബം. 2012ല്‍ യൂറോവിഷനില്‍ ഐസ്‌ലന്‍ഡില്‍ നിന്നുള്ള എന്‍ട്രിയായിരുന്നു നെവര്‍ ഫൊര്‍ഗെറ്റ്‌. നിഗൂഢമായ ഒരു സ്ത്രീക്ക് പിന്നിലൂടെ അവരുടെ രഹസ്യമന്വേഷിച്ച് നടക്കുന്ന ഒരു ആണ്‍കുട്ടിയുടെ കഥ വിഷയമാക്കിയതായിരുന്നു നെവര്‍ ഫൊര്‍ഗെറ്റ്‌.

halldorson

ഐസ്‌ലന്‍ഡിലെ റെയ്ക്കേവിക്കിൽ ജനിച്ച ഹാല്‍ഡോര്‍സണ്‍ ഒരു കാലത്ത് ഫുട്‌ബോൾ പാര്‍ട്ട് ടൈം ജോലി മാത്രമായിരുന്നു. ചെറുപ്പത്തിലേ സിനിമകള്‍ ഇഷ്ടപ്പെട്ടിരുന്ന ഹാല്‍ഡോര്‍സണ്‍ 12 വയസ്സുള്ളപ്പോള്‍ തന്നെ തന്റെ ആദ്യ ഹ്രസ്വ ചിത്രം പുറത്തിറക്കി. വിസിആറും വീഡിയോ ക്യാമറയും ഉപയോഗിച്ചായിരുന്നു അന്നത്തെ സിനിമാ പരീക്ഷണങ്ങള്‍.

ഫുട്‌ബോള്‍ കളിച്ച് നടക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം കിട്ടുക സിനിമ പിടിക്കുമ്പോഴാണെന്നതും ഹാല്‍ഡോര്‍സണിന്റെ സിനിമയോടുള്ള ഇഷ്ടത്തിനുള്ള ഒരു കാരണമായിരുന്നു. സിനിമാപിടിത്തമൊക്കെ കഴിഞ്ഞ് വൈകീട്ട്  അഞ്ച് മണിക്ക് ശേഷം മാത്രമായിരുന്നു പണ്ടൊക്കെ പേരിനുള്ള ഫുട്‌ബോൾ പരിശീലനം.

ആല്‍ബവും ഹ്രസ്വ ചിത്രവും ചെയ്ത് പ്രതിഭ തെളിയിച്ചഹാല്‍ഡോര്‍സണ്‍ ഇപ്പോള്‍ ഒരു മുഴുനീള ചിത്രത്തിന്റെ പണിപ്പുരയിലാണ്. ഐസ്‌ലന്‍ഡിലെ ഒറ്റപ്പെട്ട സ്ഥലത്ത് നടക്കുന്ന ഒരു ഗോസ്റ്റ് ത്രില്ലറാണ്  മനസ്സിലുള്ള സിനിമ. യൂറോ കപ്പിന്റെ തിരക്കൊഴിഞ്ഞാല്‍ ഷൂട്ടിങ് ആരംഭിക്കാനാണ് പദ്ധതി.

രണ്ട് വര്‍ഷം കഴിഞ്ഞാല്‍ റഷ്യയില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് വിഷയമാക്കി ഒരു വീഡിയൊ സോങ് ഒരുക്കണമെന്നും ആഗ്രഹമുണ്ട്. ചിലപ്പോള്‍ റഷ്യന്‍ ലോകകപ്പിന്റെ ഒഫീഷ്യല്‍ തീം മ്യൂസിക്ക് ആല്‍ബം തന്നെ ഹാല്‍ഡോര്‍സണ്‍ സംവിധാനം ചെയ്‌തേക്കാം.

halldorson

1992ലെ ഡെന്‍മാര്‍ക്കിനെയും 2004ലെ ഗ്രീസിനെയും ഓര്‍മിക്കുന്ന തരത്തില്‍ യൂറോ കപ്പില്‍ ഐസ്‌ലന്‍ഡിന്റെ കുതിപ്പിന് സിനിമാക്കഥയെ വെല്ലും വിധത്തില്‍ തിരക്കഥയൊരുക്കിയതും ഈ സംവിധായകന്‍ തന്നെയാണ് എന്നത് മറ്റൊരു കാര്യം. ഐസ്‌ലന്‍ഡിന്റെ ഗോള്‍വല ലക്ഷ്യമാക്കി വന്ന 23 ഷോട്ടുകള്‍ സേവ് ചെയ്ത ഹാല്‍ഡോര്‍സനാണ് യൂറോ കപ്പില്‍ ഗോള്‍കീപ്പര്‍മാരുടെ പട്ടികയില്‍ മുന്നിലുള്ളത്.

ഗോള്‍പോസ്റ്റിന് മുന്നില്‍ ബസ് പാര്‍ക്ക് ചെയ്താണ് ഐസ്‌ലന്‍ഡ് കളിക്കുന്നതെന്ന് പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ അവരുടെ പ്രതിരോധത്തെ കളിയാക്കി പറഞ്ഞിരുന്നു. എന്നാല്‍ ക്രിസ്റ്റ്യാനൊയുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഹാല്‍ഡോര്‍സന്റെ ഗോള്‍പോസ്റ്റിന് മുന്നിലെ പ്രകടനം.

ആക്ഷനും റൊമാന്‍സും സമം ചേര്‍ത്ത ഒരു ന്യൂജെന്‍ സിനിമയുടെ എല്ലാ ചേരുവകളും ഐസ്‌ലന്‍ഡിന്റെ ഓരോ വിജയങ്ങളിലുമുണ്ടായിരുന്നു. ആദ്യം പോര്‍ച്ചുഗലും ഹംഗറിയുമായി സമനില. പിന്നീട് ഓസ്ട്രിയയെ തോല്‍പ്പിച്ച് പ്രീ ക്വാര്‍ട്ടറിലേക്ക്. അവിടെ കാത്തിരുന്നത് കരുത്തരായ ഇംഗ്ലണ്ട്.

ഹാല്‍ഡോര്‍സണ്‍ സംവിധാനം ചെയ്ത ആല്‍ബം 'നെവര്‍ ഫൊര്‍ഗെറ്റ്'

ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ക്വാര്‍ട്ടറിലേക്ക്. ഇനി ഐസ്‌ലന്‍ഡിന് മറികടക്കാനുള്ളത് ആതിഥേയരായ ഫ്രാന്‍സിനെയാണ്. ആ കടമ്പയും കടന്ന് സെമിയിലും ഫൈനലിലും വിജയിച്ച് ഐസ്‌ലന്‍ഡ് യൂറോ കപ്പ് നേടിയാല്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ ആരും ഇതുവരെ എഴുതാത്ത ഒരു തിരക്കഥയിലെ സൂപ്പര്‍ ക്ലൈമാക്‌സിനാകും പാരിസ് വേദിയാകുക. അങ്ങനെയെങ്കില്‍ ആ ക്ലൈമാക്‌സിലേക്ക് ടീമിനെ നയിച്ച സംവിധായകനുള്ള ക്രെഡിറ്റ് ഹാല്‍ഡോര്‍സണിന് മാത്രം അവകാശപ്പെട്ടതാകും.