ബെയ്ജിങ്: സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ചൈനയെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടി ഇന്ത്യ. നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ മത്സരത്തില്‍ ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു. ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിന്റെ സൂപ്പര്‍ സേവുകളായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്. 21 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇന്ത്യയും ചൈനയും മുഖാമുഖം വരുന്നത്. 18 തവണ ഏറ്റുമുട്ടിയപ്പോള്‍ ആറാം സമനില.
ഇന്ത്യന്‍ പ്രതിരോധ നിരയില്‍ സന്ദേശ് ജിങ്കന് കൂട്ടായി അനസ് എടത്തൊടികയില്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. 13-ാം മിനിറ്റില്‍ ചൈനീസ് ഗോള്‍മുഖത്ത് ഇന്ത്യ ആദ്യ ഗോള്‍നീക്കം നടത്തിയെങ്കിലും പാളി. 15-ാം മിനിറ്റില്‍ ചൈനീസ് താരം തൊടുത്ത മിസൈല്‍ ഹെഡര്‍ ഗുര്‍പ്രീത് സാഹസികമായി തടുത്തു. 24-ാം മിനിറ്റില്‍ വീണ്ടും ഒരിക്കല്‍ കൂടി ഗുര്‍പ്രീതിന്റെ കാലുകള്‍ ഇന്ത്യയ്ക്ക് രക്ഷയായി. 28-ാം മിനിറ്റില്‍ മറ്റൊരു അവസരം കോട്ടാലിലൂടെ ഇന്ത്യ നഷ്ടപ്പെടുത്തി. പിന്നാലെ നാരായണ്‍ ദാസിന്റ രണ്ട് ക്രോസുകള്‍ക്ക് സഹതാരങ്ങളെ കണ്ടുപിടിക്കാനായില്ല.
രണ്ടാം പകുതിയിലും മിന്നലാക്രമണങ്ങള്‍ കണ്ടു. 56-ാം മിനിറ്റില്‍ ഇന്ത്യയുടെ ബ്ലാസ്റ്റേഴ്സ് താരം നര്‍സാരിയുടെ പാസില്‍ ലീഡുറപ്പിക്കാന്‍ ലഭിച്ച സുവര്‍ണാവസരം ഉദാന്ത സിംഗ് ബാറിന് മുകളിലൂടെ പറത്തി. 63-ാം മിനുറ്റില്‍ പ്രതിരോധതാരം നാരായണ്‍ ദാസിന് പകരക്കാരനായി മലയാളി താരം അനസ് എടത്തൊടികയെ ഇന്ത്യ ഇറക്കി. ഗോളവസരം നഷ്ടപ്പെടുത്തിയ ഉദാന്തയെ തൊട്ടുപിന്നാലെ പിന്‍വലിച്ച് നിഖില്‍ പൂജാരിക്കും അവസരം നല്കി. 76-ാം മിനിറ്റില്‍ ഇന്ത്യന്‍ പെനാല്‍റ്റി ബോക്സിലെ കൂട്ടപ്പൊരിച്ചില്‍ ഗോളാകാതിരുന്നത് ഭാഗ്യത്തിനാണ്.
85-ാം മിനിറ്റില്‍ കോട്ടാലിന്റെ കയ്യില്‍ പന്ത് തട്ടിയതിന് പെനാല്‍റ്റിക്കായി ചൈനീസ് താരങ്ങള്‍ അപ്പീല്‍ ചെയ്തെങ്കിലും റഫറി മുഖംതിരിച്ചു. ഇഞ്ചുറി ടൈമില്‍ ഥാപ്പയെ വലിച്ച് റൗളിന് കോണ്സ്റ്റന്റൈന് അവസരം നല്കി. അവസാന മിനിറ്റില്‍ ഫാറൂഖ് ചൗധരിയുടെ ശ്രമവും ചൈനീസ് ഗോള്‍ കീപ്പര്‍ രക്ഷപെടുത്തിയിട്ടില്ലായിരുന്നെങ്കില്‍ ചൈനയില്‍ ഇന്ത്യ ചരിത്ര വിജയം നേടുമായിരുന്നു.
Captain @SandeshJhingan makes a fantastic clearance.
— Indian Football Team (@IndianFootball) October 13, 2018
To watch more, Catch the live action on @StarSportsIndia#CHNvIND #AsianDream #IndianFootball #BackTheBlue #WeAreIndia pic.twitter.com/Alm2oNBjPW
Content Highlights: Gurpreet shines as India hold China to a goalless draw