ബാഴ്സലോണ: സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ താരമായ അന്റോയിന്‍ ഗ്രീസ്മാന് കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണയില്‍ നിന്ന് മികച്ച ഓഫര്‍ ലഭിച്ചിരുന്നു. ഈ ഓഫര്‍ അദ്ദേഹം നിരസിച്ചത് വലിയ വാര്‍ത്തയാകുകയും ചെയ്തു. എല്ലാവരും ഇതിനു പിന്നിലെ കാരണം അന്വേഷിച്ചപ്പോള്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. 

ഇപ്പോഴിതാ ബാഴ്‌സയുടെ ഓഫര്‍ നിരസിച്ചതെന്തിനെന്ന് ഗ്രീസ്മാന്‍ വ്യക്തമാക്കിയിരിക്കുകയാണ്. മെസ്സി കാരണമാണ് താന്‍ ബാഴ്‌സയിലേക്കു പോകാതിരുന്നതെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. മെസ്സിയെ പോലൊരാള്‍ കളിക്കുന്ന സ്ഥലത്ത് അദ്ദേഹത്തേക്കാള്‍ വലിയ താരമാകാന്‍ തനിക്ക് കഴിയില്ല. ഇതു തന്നെയായിരുന്നു ബാഴ്സലോണയുടെ ഓഫര്‍ നിരസിക്കാനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന്.

ബാഴ്‌സയിലേക്കു പോകാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നു. അത്‌ലറ്റിക്കോ മാഡ്രിഡ് എന്ന ക്ലബിന്റെ ഭാവിയിലേക്കുള്ള പ്ലാനുകളുടെ ഭാഗമാണ് താന്‍. അവിടെ ഞാന്‍ പ്രധാന താരമാണ്. ക്ലബ്ബിന്റെ ഭാവിയില്‍ എനിക്ക് എന്റേതായ പങ്ക് വഹിക്കാനുണ്ട്. ആ സമയത്ത് ക്ലബ്ബ് വിട്ടിരുന്നെങ്കില്‍ അവര്‍ക്കത് വലിയ തലവേദനയാകുമായിരുന്നു.

ബാഴ്‌സ തന്നെ നിരന്തരം ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ എന്റെ ടീം അംഗങ്ങള്‍ ക്ലബ്ബ് വിടരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അവര്‍ എന്റെ വേതനം വര്‍ധിപ്പിച്ചു. ക്ലബ്ബില്‍ തുടരാനുള്ള കാര്യങ്ങളെല്ലാം ചെയ്തു തന്നു. ഇതെല്ലാം തന്നെ ക്ലബില്‍ തന്നെ തുടരാന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്നും ഗ്രീസ്മാന്‍ വ്യക്തമാക്കി.